Kerala
വധഗൂഢാലോചനക്കേസ്; സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
Kerala

വധഗൂഢാലോചനക്കേസ്; സായി ശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

Web Desk
|
22 March 2022 10:18 AM GMT

നിലവില്‍ സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

വധഗൂഢാലോചന കേസിൽ സൈബർ ഹാക്കർ സായി ശങ്ക‍ർ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. നിലവില്‍ സായ് ശങ്കറിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും സാക്ഷിയായിട്ടാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് സായ് ശങ്കര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമായിരുന്നു സായി ശങ്കറിന്‍റെ ആവശ്യം.

അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന് ഉടന്‍ നോട്ടീസ് നൽകും. നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെ ചോദ്യംചെയ്തിരുന്നു. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. കൂടുതല്‍ ആളുകളെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല.

Similar Posts