ഗൂഢാലോചന കേസ്: 12 നമ്പറുകളിലേക്കുള്ള വാട്‌സ്ആപ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്
|നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിന്റെ സഹായം തേടി
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ 12 നമ്പറിൽ നിന്നുള്ള വിവരങ്ങള്‍ നശിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച്. പ്രതികൾ 12 നമ്പറിലേക്കുള്ള വാട്‌സ്ആപ് ചാറ്റുകൾ പൂർണമായും നശിപ്പിച്ചു.
നശിപ്പിച്ച വിവരങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് സയൻസ് ലാബിന്റെ സഹായവും ക്രൈം ബ്രാഞ്ച് തേടിയിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ട് രണ്ട് ദിവസത്തിനകം ക്രൈം ബ്രാഞ്ചിന് ലഭിച്ചേക്കും.ചാറ്റുകൾ നശിപ്പിച്ചത് ജനുവരി 30 ന് ഉച്ചക്ക് ഒന്നരക്കും രണ്ടരക്കും ഇടയിലാണ്. ജനുവരി 31ന് ഫോണുകൾ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ജനുവരി 30 നാണ് ദിലീപ് മുംബൈയില്‍ എത്തിച്ച് രേഖകള്‍ നശിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നിർണായകമായി ബന്ധമുള്ള ആളുകളാണ് ഈ 12 പേരുമെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ഇവർ ആരെല്ലാം എന്ന് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
ഫോൺ വിവരങ്ങൾ നശിപ്പിച്ചു എന്ന് മുംബൈയിലെ ലാബുടമ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. 75000 രൂപ വീതം ഈടാക്കിയാണ് ഫോൺ വിവരങ്ങൾ നശിപ്പിച്ചതെന്നും ലാബുടമ പറഞ്ഞു.
ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചത് രേഖകള്‍ നശിപ്പിച്ച ശേഷമായിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.മുംബൈക്ക് അയച്ച നാല് ഫോണുകളിലെയും വിവരങ്ങൾ നീക്കം ചെയ്തിരുന്നെന്നും കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.