Kerala
കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചന, നിയമപരമായി നീങ്ങും; കെ.പി.എ മജീദ്
Kerala

'കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചന, നിയമപരമായി നീങ്ങും'; കെ.പി.എ മജീദ്

Web Desk
|
28 Dec 2022 10:51 AM GMT

'അരിയിൽ ഷുക്കൂറിനെ അരും കൊല ചെയ്ത സി.പി.എമ്മിനും അതിന് പിന്നിൽ ഗൂഢാലോചന നടത്തിയ നേതാക്കൾക്കുമെതിരെ മുസ്‍ലിം ലീഗ് സന്ധിയില്ലാ സമരത്തിലാണ്'

മലപ്പുറം: അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ പി. ജയരാജനെ രക്ഷിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നും നിയമപരമായി നീങ്ങുമെന്നും മുസ്‍ലിം ലീഗ് എം.എല്‍.എയും പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.പി.എ മജീദ്. ആരോപണം വസ്തുതകൾക്ക് നിരക്കാത്ത അസംബന്ധമാണ്. അരിയിൽ ഷുക്കൂറിനെ അരും കൊല ചെയ്ത സി.പി.എമ്മിനും അതിന് പിന്നിൽ ഗൂഢാലോചന നടത്തിയ നേതാക്കൾക്കുമെതിരെ മുസ്‍ലിം ലീഗ് സന്ധിയില്ലാ സമരത്തിലാണ്. സംഭവം നടന്ന് വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതിൽ ദുരൂഹതയുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു. സത്യത്തിന്‍റെ കണിക പോലും ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ട് മുസ്‍ലിം ലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാം എന്ന് ആരും കരുതേണ്ട. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്‌ലിം ലീഗും യു.ഡി.എഫും പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.പി.എ മജീദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി സാഹിബിനെതിരായി ഒരു വക്കീൽ ആരോപണം ഉന്നയിച്ചത് വസ്തുതകൾക്ക് നിരക്കാത്ത അസംബന്ധമാണ്. അരിയിൽ ഷുക്കൂറിനെ അരും കൊല ചെയ്ത സി.പി.എമ്മിനും അതിന് പിന്നിൽ ഗൂഢാലോചന നടത്തിയ നേതാക്കൾക്കുമെതിരെ മുസ്‍ലിം ലീഗ് സന്ധിയില്ലാ സമരത്തിലാണ്. സംഭവം നടന്ന് വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതിൽ ദുരൂഹതയുണ്ട്. ഇതൊരു ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ആരോപണം ഉന്നയിച്ച വക്കീലിനും പ്രാദേശിക ചാനലിനുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് മുസ്‍ലിം ലീഗിന്‍റെ തീരുമാനം.

സത്യത്തിന്‍റെ കണിക പോലും ഇല്ലാത്ത ഇത്തരം ആരോപണങ്ങൾ പൊക്കിപ്പിടിച്ചുകൊണ്ട് മുസ്‍ലിം ലീഗിനെയും നേതാക്കളെയും താറടിച്ചു കാണിക്കാം എന്ന് ആരും കരുതേണ്ട. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ മുസ്‌ലിം ലീഗും യു.ഡി.എഫും പോരാട്ടം തുടരും.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ആണ് ആരോപിച്ചത്. അരിയിൽ ഷുക്കൂർ വധക്കേസിൽ ആദ്യഘട്ടത്തിൽ പൊലീസിന് നിയമോപദേശം നൽകിയ അഭിഭാഷകനാണ് ടി.പി ഹരീന്ദ്രൻ.

കേസിൽ പി. ജയരാജനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തരുതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അന്നത്തെ ജില്ലാ പൊലീസ് മേധാവി രാഹുൽ ആർ നായരെ ഫോണിൽ വിളിച്ച് കൊലക്കുറ്റം ചുമത്തരുതെന്ന് നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവി ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിയുമായി സംസാരിക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണ്. ഗൂഢാലോചനാക്കുറ്റം, കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞിട്ടും തടഞ്ഞില്ലെന്ന വകുപ്പായി മാറിയെന്നും ഇത് സമ്മർദത്തിന്റെ ഭാഗമാണെന്നും ടി.പി ഹരീന്ദ്രൻ ആരോപിച്ചു.

കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ഹരീന്ദ്രൻ ആദ്യം സി.പി.എമ്മിലായിരുന്നു. പാർട്ടിയുമായി തെറ്റിയതോടെ സി.എം.പിയിലും പിന്നീട് കോൺഗ്രസിലും എത്തി. കെ. സുധാകരൻ അടക്കമുള്ള നേതാക്കളുമായും വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ആളാണ് ഹരീന്ദ്രൻ.

Similar Posts