Kerala
കോടിയേരി വ്യക്തത വരുത്തിയതല്ല മലക്കം മറിഞ്ഞു, വിമാനപ്രതിഷേധം വധശ്രമമെന്ന് വരുത്തിയത് ഗൂഢാലോചന: വി.ഡി സതീശൻ
Kerala

കോടിയേരി വ്യക്തത വരുത്തിയതല്ല മലക്കം മറിഞ്ഞു, വിമാനപ്രതിഷേധം വധശ്രമമെന്ന് വരുത്തിയത് ഗൂഢാലോചന: വി.ഡി സതീശൻ

Web Desk
|
17 Jun 2022 6:55 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പ്രകാരമാണ് സിപിഎം നേതാക്കൾ പ്രസ്താവന മാറ്റിപ്പറയുന്നതെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ പ്രസ്താവനകൾ തിരുത്തിയ സിപിഎം ജനറൽ സെക്രട്ടറി കോടിയേരിയെയും സി.പി.എമ്മിനെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോടിയേരി സംഭവത്തിൽ വ്യക്തത വരുത്തുകയല്ല, മലക്കം മറിയുകയാണ് ചെയ്തതെന്നും സംഭവം വധശ്രമമെന്ന് വരുത്തി തീർത്തത് ഗൂഢാലോചനയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ പ്രകാരമാണ് സിപിഎം നേതാക്കൾ പ്രസ്താവന മാറ്റിപ്പറയുന്നതെന്നും ഇതിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു. തങ്ങളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇൻഡിഗോ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിമാനത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധം നടന്നതെന്ന് നേരത്തെ പൊതുയോഗത്തിൽ കോടിയേരി പ്രസംഗിച്ചിരുന്നു. എന്നാൽ ഇന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മുഖ്യമന്ത്രി വിമാനത്തിലിരിക്കെ പ്രതിഷേധം നടന്നുവെന്നും വധിക്കാൻ ശ്രമിച്ചുവെന്നുമാണ് പറഞ്ഞിരിക്കുന്നത്. കേന്ദ്ര ഏജൻസികളെ കേന്ദ്രത്തിലും കേരളത്തിലും വിശ്വാസമില്ലെന്നും അതുകൊണ്ടാണ് സംസ്ഥാനത്തെ കേസുകളിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സതീശൻ പറഞ്ഞു.

ലോക കേരള സഭയിൽ പങ്കെടുക്കാതിരുന്നത് ഒരുമിച്ചെടുത്ത തീരുമാനപ്രകാരമായിരുന്നുവെന്നും 16 കോടി ചെലവാക്കി പരിപാടി നടത്തിയതാണ് ധൂർത്തെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ല എതിർത്തതെന്നും എല്ലാത്തിനും പ്രോഗ്രസ് റിപ്പോർട്ടുള്ള മുഖ്യമന്ത്രിക്ക് ഇതിൽ പ്രോഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനാലാണ് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പൊലീസുകാരനെ അടിച്ചു കൊല്ലാൻ ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്നും കോൺഗ്രസുകാരന്റെ കാല് തല്ലിയൊടിച്ചിട്ടും ജാമ്യമുള്ള കേസാണെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് ഓഫീസുകൾ തകർത്തിട്ടും കേസെടുത്തില്ലെന്നും അദ്ദേഹം വിമർശിച്ചു. എന്ത് തരം നീതിയാണ് നടപ്പാക്കുന്നതെന്നും സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ എത്തിപ്പെട്ട പടുകുഴിയിൽ നിന്ന് ഫോക്കസ് മാറ്റാനാണ് ശ്രമമെന്നും ഈ മുഖ്യമന്ത്രിക്ക് വേണ്ടി സാഹിത്യകാരൻമാർ സമ്മേളിക്കുന്നത് വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജിയുടെ പ്രതിമ തകർത്തിട്ട് ഒരു സാംസ്‌കാരിക നായകനും പ്രതിഷേധിച്ചില്ലെന്നും സർക്കാരിന്റെ ഔദാര്യം പറ്റിയാണ് ഇവരൊക്കെ കഴിയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

തന്നെ വഴി നടക്കാൻ സമ്മതിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറയുന്നുവെന്നും കൊല്ലുമെന്ന് ഫേസ്ബുക്കിൽ ഭീഷണി ഉയരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പുറത്തിറങ്ങിയതിന് ശേഷമാണ് വിമാനത്തിൽ പ്രതിഷേധമുണ്ടായതെന്ന് വ്യക്തമായെന്നും നേതാക്കൾ കാര്യം മാറ്റി മാറ്റി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.പിയുടെ പരാമർശമുണ്ടായതെന്നും പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് അതിശക്തമായ പ്രതിഷേധത്തിനിറങ്ങുമെന്നും എല്ലാ ഘടകകക്ഷികളും അണി ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.



Conspiracy to make air protest an assassination attempt: VD Satheesan

Similar Posts