ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നു, രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു: ആന്റണി രാജു
|'2006ൽ എനിക്ക് സ്ഥാനാർഥിത്വം നഷ്ടപ്പെട്ടത് കള്ളക്കേസെടുത്തത് കാരണം'
കൊച്ചി: തൊണ്ടിമുതൽ മോഷണക്കേസിൽ സത്യം ജയിച്ചെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. താൻ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച മുൻ മന്ത്രിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി ഉണ്ടായ കേസാണിത്. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ അവർ തന്നെ വേട്ടയാടുകയാണെന്ന് അന്ന് ഞാൻ പറഞ്ഞിരുന്നു. അതിപ്പോൾ സത്യമായെന്ന് ആന്റണി രാജു പറഞ്ഞു.
തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചവരോട് ദൈവം ക്ഷമിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കള്ളക്കേസെടുത്തത് കാരണമാണ് 2006 ലെ സ്ഥാനാർത്ഥിത്വം നഷ്ട പെട്ടത്. ഇപ്പോൾ തന്നെ കുറ്റവിമുക്തനാക്കി. ഇനി അന്വേഷണം വന്നാലെന്താ എന്നും അദ്ദേഹം പ്രതികരിച്ചു.
തൊണ്ടി മുതൽ മോഷണ കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത് . ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാൻ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്.