ഇടുക്കിയിൽ സ്റ്റോപ് മെമ്മോ ലംഘിച്ച് നിർമാണം; വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി
|സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ഇടക്കാല ഉത്തരവിട്ടത്
ഇടുക്കി: റവന്യുവകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമാണം തുടർന്ന ഭൂവുടമകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ കലക്ടർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്. വിവരങ്ങൾ വില്ലേജ് ഓഫീസർമാരിൽ നിന്ന് ശേഖരിച്ച് രണ്ടാഴ്ചക്കകം നൽകണം.
സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വ്യാപകമായി നിർമാണം നടക്കുന്നുവെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കോടതി ഇടക്കാല ഉത്തരവിട്ടത്.
326 കയേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ 20 കയ്യേറ്റങ്ങൾ ഒഴിപ്പിച്ചെന്നും കലക്ടർ കോടതിയെ അറിയിച്ചു. ഭൂസംരക്ഷണ നിയമ പ്രകാരം ചില കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങിയെന്നും സർവേ ആവശ്യമായ കേസുകളിൽ രണ്ട് മാസത്തിനകം സർവേ പൂർത്തിയാക്കി തുടർനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലെ കാലതാമസത്തിൽ കടുത്ത അതൃപ്തിയും കോടതി രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർക്ക് അമിതബാധ്യത ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് അമിക്കസ് ക്യൂറിയും ഹരജിക്കാരും ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിലപാട് അറിയാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.