വീടുകളിലേക്കുള്ള വഴിമുടക്കി ദേശീയപാതാ ഡ്രൈനേജ് നിർമാണം; ദുരിതത്തിലായി വഴിയമ്പലത്തുകാര്
|ജലസ്രോതസ്സുകൾ നിരവധിയുള്ള ഈ മേഖലയിൽ പലയിടത്തും വെള്ളം ഒഴുകി പോയിരുന്ന തോടുകൾ നികത്തിയതോടെ വെള്ളം കെട്ടി നിൽക്കുകയാണ്
തൃശൂർ: കയ്പമംഗലം വഴിയമ്പലത്ത് പ്രദേശവാസികളെ ദുരിതത്തിലാക്കി ദേശീയപാതയുടെ ഡ്രൈനേജ് നിർമ്മാണം. വീടുകളിലേക്ക് വഴി മുടക്കിയുള്ള നിർമാണം പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടിനും കാരണമായിരിക്കുകയാണ്. കയ്പമംഗലം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് നിവാസികളാണ് ഇതുമൂലം പ്രയാസത്തിലായിരിക്കുന്നത്.
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വഴിയമ്പലത്ത് നടക്കുന്ന ബൈപ്പാസ് ഡ്രൈനേജ് നിർമ്മാണമാണ് നാട്ടുകാരുടെ വഴിമുടക്കിയിരിക്കുന്നത്. റോഡിന് സമാന്തരമായി ഉയരത്തിൽ ഡ്രൈനേജ് നിർമ്മിച്ചതോടെ ജനങ്ങൾ സഞ്ചരിച്ചിരുന്ന പൊതുവഴികളും സ്വകാര്യ വഴികളും അടഞ്ഞു. ജലസ്രോതസ്സുകൾ നിരവധിയുള്ള ഈ മേഖലയിൽ പലയിടത്തും വെള്ളം ഒഴുകി പോയിരുന്ന തോടുകൾ നികത്തിയതോടെ വെള്ളം കെട്ടി നിൽക്കുകയാണ്.
വെള്ളം ഒഴുക്കി വിടാനുള്ള ബദൽ സംവിധാനവും ദേശീയപാത അധികൃതർ ഒരുക്കിയിട്ടില്ല. മഴ ശക്തമായതോടെ ദേശീയപാത ഏറ്റെടുത്ത സ്ഥലം മുഴുവനും വെള്ളക്കെട്ടിലാണ്. ചളിയും ആഴമുള്ള കുഴിയും നിറഞ്ഞ വഴിയിലൂടെയുള്ള സഞ്ചാരം ഏറെ പ്രയാസകരമായതായി നാട്ടുകാർ പറയുന്നു.
ഡ്രൈനേജിന് മുകളിലൂടെ സഞ്ചരിക്കാൻ രണ്ട് വശങ്ങളിലും മണ്ണിട്ടോ കല്ല് വിരിച്ചോ താത്ക്കാലിക സംവിധാനം ഒരുക്കി തരണമെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ദേശീയ പാത അധികൃതർ അതിന് തയ്യാറായിട്ടില്ല. എത്രയും വേഗം പ്രശ്ന പരിഹാരത്തിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.