Kerala
water tap

പ്രതീകാത്മക ചിത്രം

Kerala

ബില്ലടച്ചിട്ടും കുടിവെള്ളമില്ല; വാട്ടർ അതോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി

Web Desk
|
31 Jan 2024 6:30 AM GMT

മരട് സ്വദേശി ഡോ. മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച പരാതിയിൽ വാട്ടർ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കോടതി നിർദേശം നൽകിയത്

കൊച്ചി: കുടിവെള്ളമില്ലെങ്കിലും കൃത്യമായി ബില്ലടക്കണമെന്നും പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങിയ വാട്ടർ അതോറിറ്റിയുടെ നടപടി അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി . കൃത്യമായി ബിൽ തുക നൽകിയിട്ടും വെള്ളം നൽകാത്ത വാട്ടർ അതോറിറ്റി, മുടക്കമില്ലാതെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തേണ്ടതും കൂടാതെ 65,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നൽകണമെന്ന് ഡി.ബി ബിനു പ്രസിഡന്‍റും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നൽകി.

എറണാകുളം മരട് സ്വദേശി ഡോ. മറിയാമ്മ അനിൽ കുമാർ സമർപ്പിച്ച പരാതിയിൽ വാട്ടർ അതോറിറ്റിയുടെ തൃപ്പൂണിത്തുറ സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് കോടതി നിർദേശം നൽകിയത്. ഗാർഹിക കുടിവെള്ള കണക്ഷൻ 2018 മെയ് മാസത്തിലാണ് പരാതിക്കാരി എടുത്തത്. അന്നുമുതൽ ജനുവരി 2019 വാട്ടർചാർജ് നൽകിയിട്ടുണ്ട്. എന്നാൽ വെള്ളം മാത്രം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട് പരാതിക്കാരി പല പ്രാവശ്യം വാട്ടർ അതോറിറ്റിയുടെ ഓഫീസുകളിൽ കയറി ഇറങ്ങി. വെള്ളം ലഭിച്ചില്ലെങ്കിലും യാതൊരുവിധ പരാതി ഉന്നയിക്കില്ലെന്ന് പരാതിക്കാരി തന്നെ എഴുതി നൽകിയിട്ടുണ്ട് എന്നാണ് വാട്ടർ അതോറിറ്റിയുടെ നിലപാട്. വാട്ടർ അതോറിറ്റിയുടെ മെയിൽ ഡിസ്ട്രിബൂഷൻ ലൈനിന്‍റെ അവസാന ഭാഗത്ത്‌ വരുന്നതിനാൽ പരാതിക്കാരിയും അയൽക്കാരും ഏറെ ജലദൗർലഭ്യം അനുഭവിക്കുന്നുവെന്നും വാട്ടർ അതോറിറ്റി ബോധിപ്പിച്ചു.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 50 മുതൽ 100 ലിറ്റർ വെള്ളം വരെയാണ് ഒരാളുടെപ്രതിദിന ജല ഉപഭോഗം. എന്നാൽ 2018 മെയ് മാസം മുതൽ 2019 ജനുവരി വരെയുള്ള എട്ടുമാസം വെറും 26 യൂണിറ്റ് വെള്ളമാണ് വാട്ടർ അതോറിറ്റി പരാതിക്കാരിക്ക് നൽകിയത്.പൈപ്പിൽ നിന്ന് വെള്ളം കിട്ടുന്നില്ലെങ്കിലും മിനിമം വാട്ടർ ചാർജ് നൽകണമെന്നും വെള്ളം കിട്ടാതിരുന്നാൽ അതിനെ സംബന്ധിച്ച് വാട്ടർ അതോറിറ്റിക്കെതിരെ യാതൊരുവിധ പരാതിയും താൻ നൽകുന്നതല്ലെന്നും പ്രത്യേകമായ ഒരു ഉറപ്പ് വാട്ടർ അതോറിറ്റി കണക്ഷൻ നൽകുന്ന വേളയിൽ എഴുതി വാങ്ങിയിരുന്നു.

കുടിവെള്ളം ലഭിക്കുക എന്നത് ഭരണഘടനയിലെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള പൗരന്‍റെ അവകാശത്തിന്‍റെ ഭാഗമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. മിനിമം ചാർജ് ഈടാക്കിക്കൊണ്ട് കുടിവെള്ളം നൽകാതിരിക്കുകയും പരാതിപ്പെടാൻ അവകാശമില്ലെന്ന് പരാതിക്കാരിയെ കൊണ്ട് നിർബന്ധപൂർവ്വം എഴുതി വാങ്ങിക്കുകയും ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ നടപടി അധാർമികമായ വ്യാപാര രീതിയും നിയമവിരുദ്ധവുമാണ്. പരാതിപ്പെടാനുള്ള അവകാശം നിയമപ്രകാരം ഓരോ ഉപഭോക്താവിനും ഉണ്ടെന്നിരിക്കെ അതിന് വിരുദ്ധമായ നടപടി സേവനത്തിലെ ന്യൂനത മാത്രമല്ല പൊതു ഉറവകളിലെ വെള്ളം വിതരണം ചെയ്യാനുള്ള കുത്തക അവകാശം ദുരുപയോഗിച്ച് നിയമവിരുദ്ധമായി ലാഭം നേടാൻ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണെന്ന് കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരിയുടെ വീട്ടിലേക്ക് ആവശ്യത്തിനുള്ള വെള്ളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉടൻ ഉറപ്പുവരുത്താൻ വാട്ടർ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം പരാതിക്കാരിക്കുണ്ടായ മന:ക്ലേശത്തിന് 50,000 രൂപ നഷ്ടപരിഹാരവും 15,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം വാട്ടർ അതോറിറ്റി നൽകണം. അഡ്വ. ജോർജ് ചെറിയാൻ പരാതിക്കാരിക്കുവേണ്ടി കോടതിയിൽ ഹാജരായി.

Similar Posts