കണ്‍സ്യൂമര്‍ഫെഡിന്‍റെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടലിന്‍റെ വക്കില്‍
|രണ്ടാഴ്ചയ്ക്കിടെ 130 കോടി രൂപയുടെ നഷ്ടമാണ് കണ്‍സ്യൂമര്‍ ഫെഡിനുണ്ടായത്
സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്‍റെ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടലിന്‍റെ വക്കില്‍. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധനക്ക് ശേഷം സ്റ്റോക്കെടുപ്പ് നിര്‍ത്തിയതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ചയ്ക്കിടെ 130 കോടി രൂപയാണ് കണ്‍സ്യൂമര്‍ ഫെഡിന് നഷ്ടമുണ്ടായത്.
കണ്‍സ്യൂമര്‍ഫെഡിനും ബാറുകള്‍ക്കുമുള്ള വെയര്‍ ഹൌസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് വന്‍ നഷ്ടത്തിനിടയാക്കുമെന്ന് ഇരുകൂട്ടരും സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട‍്‍ലെറ്റുകളിലേക്കുള്ള സ്റ്റോക്കെടുപ്പ് നിര്‍ത്തിയത്. ആകെയുള്ള 36 ഔട്ട്ലെറ്റുകളില്‍ പലയിടത്തും നിലവില്‍ സ്റ്റോക്ക് തീര്‍ന്ന അവസ്ഥയാണ്. രണ്ടാഴ്ചയ്ക്കിടെ 130 കോടിയിലധികം രൂപയുടെ നഷ്ടമാണ് കണ്‍സ്യൂമര്‍ഫെഡിനുണ്ടായത്. ലോക്ഡൌണ്‍ കാലയളവില്‍ അടച്ചിട്ട സമയത്തെ നഷ്ടം കൂടി കണക്ക് കൂട്ടുമ്പോള്‍ ഇത് 400 കോടിക്കടുത്ത് വരും.
കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. 2200ഓളം വരുന്ന ജീവനക്കാരും ഇതോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. മദ്യവില്‍പ്പനയിലെ ലാഭത്തില്‍ നിന്നാണ് കിറ്റ് വിതരണമടക്കം കണ്‍സ്യൂമര്‍ഫെഡ് പല പദ്ധതികളും നടത്തിവന്നിരുന്നത്. ഇതിലും അനിശ്ചിതത്വം തുടരുകയാണ്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‍ലെറ്റുകള്‍ പലതും കാലിയായതും ബാറുകള്‍ മദ്യവില്‍പ്പന നിര്‍ത്തിവെച്ചതും കാരണം ബെവ്കോ ഔട്ട്‍ലെറ്റുകള്‍ക്ക് മുന്നില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള തിരക്കിന് കാരണമായിട്ടുണ്ട്.