Kerala
പൊള്ളും വിലയിൽ സിറ്റി ഗ്യാസ്: സർക്കാറിന്റെ സ്വപ്‍നപദ്ധതി ഉപേക്ഷിച്ച് ഉപഭോക്താക്കൾ
Kerala

പൊള്ളും വിലയിൽ സിറ്റി ഗ്യാസ്: സർക്കാറിന്റെ സ്വപ്‍നപദ്ധതി ഉപേക്ഷിച്ച് ഉപഭോക്താക്കൾ

Web Desk
|
13 Dec 2022 5:48 AM GMT

എൽപിജിയെക്കാൾ 40 ശതമാനം വിലക്കുറവിൽ വാഗ്ദാനം ചെയ്യപ്പെട്ട കണക്ഷൻ രണ്ടുമാസത്തേക്ക് നാലായിരം രൂപ വരെയാണ് ഈടാക്കുന്നത്

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായിരുന്ന ഗെയിൽ വഴിയുള്ള സിറ്റി ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി തകർച്ചയിലേക്ക് നീങ്ങുന്നു. എൽപിജി കണക്ഷന് കൊടുക്കുന്നതിന്റെ ഇരട്ടി തുക ഗാർഹിക ഉപഭോക്താക്കൾക്ക് ബില്ല് വരാൻ തുടങ്ങിയതോടെ കൊച്ചിയിൽ മാത്രം വലിയൊരു വിഭാഗം ആളുകളാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്.

എൽപിജിയെക്കാൾ 40 ശതമാനം വിലക്കുറവിൽ വാഗ്ദാനം ചെയ്യപ്പെട്ട കണക്ഷൻ ഇപ്പോൾ രണ്ടുമാസത്തേക്ക് നാലായിരം രൂപ വരെയാണ് ഇന്ത്യൻ ഓയിൽ അദാനി പ്രൈവറ്റ് ലിമിറ്റഡ് ഈടാക്കുന്നത്. കുറഞ്ഞ ചെലവിൽ പാചകവാതകമെന്ന സ്വപ്നം നടന്നില്ലെന്ന് മാത്രമല്ല തീപിടിപ്പിക്കുന്ന ബില്ലെന്ന ദുസ്വപ്നം ഉപയോക്താക്കളെ പിന്തുടരുകയും ചെയ്തു.

2019ൽ ഒരു യൂണിറ്റിന് 36 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് പലപ്പോഴായി വർധിപ്പിച്ച് 65 രൂപയിൽ എത്തിനിൽക്കുകയാണ്. യൂണിറ്റിന് 65 രൂപയായതോടെ രണ്ടുമാസത്തേക്ക് നാലായിരം രൂപക്ക് മുകളിലുള്ള ബില്ല് അടക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ.

എൽപിജി ഗ്യാസ് കണക്ഷനിൽ മാസം ആയിരം രൂപക്കടുത്ത് മാത്രം ചെലവാകുന്നിടത്താണ് പൈപ്പ്ലൈൻ കീശ കാലിയാക്കുന്നത്. നിരക്ക് കുറച്ചില്ലെങ്കിൽ കണക്ഷൻ ഉപേക്ഷിക്കുമെന്ന തീരുമാനത്തിലാണ് ആളുകൾ. എന്തുകൊണ്ടാണ് ഇത്രയേറെ തുകയുടെ ബില്ല് ലഭിക്കുന്നതെന്ന ചോദ്യത്തിന് അധികൃതർക്ക് മറുപടിയില്ലെന്നും ഉപഭോക്താക്കൾക്ക് പരാതിയുണ്ട്. റഷ്യ-യുക്രൈൻ യുദ്ധം ഗ്യാസിന്റെ വില വർധനക്ക് കാരണമായെന്നാണ് വിതരണക്കമ്പനിയുടെ പ്രതികരണം.

Similar Posts