Kerala
ലൈംഗികത്തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ
Kerala

ലൈംഗികത്തൊഴിലാളിയെന്ന പേരിൽ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Web Desk
|
15 Aug 2021 4:11 PM GMT

സംഭവത്തില്‍ പൊലീസിന് നിരന്തരം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പ്രതികള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്

ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ വീട്ടമ്മയുടെ പേര് പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് മണിക്കൂറുകൾക്കകമാണ് പ്രതികൾ പിടിയിലായത്.

ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി ബിപിൻ, നിശാന്ത്, കോട്ടയം സ്വദേശി അനുക്കുട്ടൻ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

കോട്ടയം ചങ്ങനാശ്ശേരി വാകത്താനം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ മൊബൈൽ നമ്പർ ലൈംഗികത്തൊഴിലാളിയുടേതാണെന്ന തരത്തിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. ശുചിമുറികളിലടക്കം പൊതുസ്ഥലങ്ങളില്‍ ഇവരുടെ നമ്പർ എഴുതിവച്ചും മറ്റുമായിരുന്നു പ്രചാരണം. ഇതേതുടർന്ന് ദിവസവും നൂറുകണക്കിന് കോളുകളാണ് ഇവരുടെ ഫോണിലേക്ക് വരുന്നത്.

കഴിഞ്ഞ ഓഗസ്റ്റിന് ഇതുമായി ബന്ധപ്പെട്ട് ഇവർ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നീടും നിരന്തരം പരാതി നൽകിയെങ്കിലും നമ്പർ മാറ്റാൻ നിർദേശം നൽകുകയായിരുന്നു പൊലീസ് ചെയ്തത്. ഒടുവിൽ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തന്നെ നേരിട്ട് രംഗത്തെത്തി വിഷയം തുറന്നുപറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നതും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകുന്നതും. പരാതിയിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

Similar Posts