ലോക്സഭയില്‍ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് രാജ്യസഭ എം.പിയായിട്ടും മത്സരിക്കുന്നത്: കെ.സി വേണുഗോപാല്‍
|രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പുഴ: ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ വേണ്ടിയാണ് രാജ്യസഭ എം.പിയായിട്ടും മത്സരിക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍. ആലപ്പുഴയില്‍ മത്സരിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രി അല്ലെന്നും കെ. സി വേണുഗോപാല്‍ മീഡിയവണിനോട് പറഞ്ഞു. രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായ കെ.സി വേണുഗോപാല്‍ മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ആലപ്പുഴ എന്നത് എനിക്ക് വികാരമാണ്. വൈകാരികമായാണ് ഞാന്‍ അവിടെ ഇടപഴകുന്നതും. ആലപ്പുഴയിലെ ജനങ്ങളോടൊപ്പം ഞാന്‍ സന്തോഷവാനാണ്'. കെ.സി.വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ എം.പി അല്ലാതിരിക്കുമ്പോള്‍ കൂടെ താന്‍ നിരന്തരം അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എനിക്ക് വേറെ എവിടെയും മത്സരിക്കാന്‍ പറ്റാത്ത പരിമിതി കൊണ്ടല്ല, ആലപ്പുഴ വിട്ട് പോകാന്‍ താല്‍പര്യമില്ലെയെന്നതാണ് യാഥാര്‍ത്ഥ്യ'മെന്നും അദ്ദേഹം മീഡിയവണ്ണിനോട് പറഞ്ഞു. ഓരോ പാര്‍ലമെന്റ് സീറ്റും ജയിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.