നോക്കുകൂലി നൽകാത്തതിന് കരാറുകാരന് മര്‍ദനം; രണ്ട് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
|പതിനായിരം രൂപ നോക്കുകൂലിയായി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം
തിരുവനന്തപുരം പോത്തൻകോട് നോക്കുകൂലി നൽകാത്തതിന് കരാറുകാരനെ മര്‍ദിച്ചതായി പരാതി. പതിനായിരം രൂപ നോക്കുകൂലിയായി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. കരാറുകാരനായ മണികണ്ഠനും മൂന്ന് തൊഴിലാളികള്‍ക്കുമാണ് മര്‍ദനമേറ്റത്. രാവിലെ തൊഴിലാളികള്‍ക്ക് മുമ്പ് തന്നെ സ്ഥലത്തെത്തിയ പതിനഞ്ചോളം വരുന്ന യൂണിയന്‍ പ്രവര്‍ത്തകര്‍ പതിനായിരം രൂപ നോക്കുകൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂണിയന്‍ പ്രവര്‍ത്തകരും തൊഴിലാളികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.
ഇന്നലെ വൈകുന്നേരം സംഘത്തില്‍പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയതായും അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ അക്രമമെന്നും മണികണ്ഠന്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകളിൽപ്പെട്ടവരാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് മണികണ്ഠന്‍റെ ആരോപണം. സംഘര്‍ഷം മൊബൈലിൽ പകർത്തിയയാള്‍ക്കും മര്‍ദനമേറ്റു. സംഭവത്തില്‍ ഐ.എന്‍.ടി.യു.സി പ്രവർത്തകരായ വേണുഗോപാൽ, തുളസീധരൻ നായർ എന്നിവരാണ് അറസ്റ്റിലായത്.