Kerala
കോൺ​ഗ്രസിൽ കൺട്രോൾ കമ്മീഷൻ വരുന്നു; അച്ചടക്കം പാർട്ടിയുടെ മുഖമുദ്രയാക്കുമെന്ന് സുധാകരൻ
Kerala

കോൺ​ഗ്രസിൽ കൺട്രോൾ കമ്മീഷൻ വരുന്നു; അച്ചടക്കം പാർട്ടിയുടെ മുഖമുദ്രയാക്കുമെന്ന് സുധാകരൻ

Web Desk
|
4 Sep 2021 11:02 AM GMT

''അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും''

കോൺഗ്രസിൽ അച്ചടക്കം നടപ്പാക്കാൻ ഓരോ ജില്ലയിലും അഞ്ചംഗങ്ങൾ അടങ്ങിയ കൺട്രോൾ കമ്മീഷൻ രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അച്ചടക്കം ലഘിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കോൺഗ്രസിന്റെ പ്രതിച്ഛായ തകർക്കുന്നത് അവസാനിപ്പിക്കും. വികാരം തോന്നുന്നവർ ,നമ്മുടെ പാർട്ടി വളരാൻ വേണ്ടിയാണെന്നുള്ളത് മനസിലാക്കണമെന്നും സുധാകരൻ പറഞ്ഞു.

ഇന്നലെ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് കെ സുധാകരന്‍റെ പ്രതികരണം. താന്‍ നാലണ മെമ്പര്‍ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.

"എന്നോടൊന്നും ആലോചിക്കണമെന്ന് ഞാന്‍ പറയില്ല. ഞാനീ പാര്‍ട്ടിയിലെ നാലണ മെമ്പറാണിപ്പോള്‍‌. ഉമ്മന്‍ചാണ്ടി അതുപോലെയല്ല. എഐസിസി ജനറല്‍ സെക്രട്ടറിയാണ്, വര്‍ക്കിങ് കമ്മിറ്റി മെമ്പറാണ്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായി തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുക എന്ന ഉത്തരവാദിത്വമാണ് നമുക്ക് എല്ലാവര്‍ക്കുമുള്ളത്. ഇത് റിലേ ഓട്ട മത്സരമൊന്നുമല്ല. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് പോരാടേണ്ട സന്ദര്‍ഭത്തില്‍ യോജിപ്പിന്‍റെ പാത തുറക്കുക എന്നതാണ് നേതൃത്വത്തിന്‍റെ ഉത്തരവാദിത്വം"- ചെന്നിത്തല പറഞ്ഞു.

താനും ഉമ്മൻചാണ്ടിയും കോൺഗ്രസിനെ നയിച്ച 17 വർഷക്കാലം വലിയ നേട്ടം കൈവരിച്ചു. അധികാരം കിട്ടിയപ്പോള്‍ താന്‍ ധാർഷ്ട്യം കാട്ടിയിട്ടില്ല. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോയി. അഹങ്കാരത്തോടെ പ്രവർത്തിച്ചിട്ടില്ല. അച്ചടക്കത്തെ കുറിച്ച് സംസാരിക്കുന്നതിൽ സന്തോഷം. മുൻകാല പ്രാബല്യം പരിശോധിച്ചാൽ ഇവരാരും പാർട്ടിയിലുണ്ടാകില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. കോട്ടയം ഡിസിസി അധ്യക്ഷന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായോ എന്ന ചോദ്യത്തിന് ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമായ മറുപടി നൽകിയില്ല. ഇനിയും ദിവസങ്ങളുണ്ടല്ലോയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി നേതൃത്വം മുൻകയ്യെടുത്താൽ സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കും. ഡിസിസി ചടങ്ങില്‍ നിന്നും വിട്ടുനിന്നതല്ല. ഡിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകളില്‍ സാധാരണ പങ്കെടുക്കാറില്ല. കെ സുധാകരന്‍ ഡയറി ഉയര്‍ത്തിക്കാട്ടിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പിന്നീട് പ്രതികരിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് താന്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന് പറഞ്ഞാണ് സുധാകരന്‍ തെളിവായി ഡയറി കാണിച്ചത്.

Similar Posts