Kerala
ലേഡീസ് ഹോസ്റ്റൽ നിയന്ത്രണം; വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്
Kerala

ലേഡീസ് ഹോസ്റ്റൽ നിയന്ത്രണം; വിദ്യാർത്ഥികൾ ഹൈക്കോടതിയിലേക്ക്

Web Desk
|
18 Nov 2022 12:31 PM GMT

ഹോസ്റ്റലിലെ സമയക്രമം മാറ്റില്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികളാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. 9.30ന് ശേഷം അനുമതി നിഷേധിച്ചതിനെതിരെയാണ് വിദ്യാർത്ഥികളുടെ നീക്കം.

കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ സമയക്രമം മാറ്റില്ലെന്ന് അധികൃതർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് അധികൃതർ നിലപാട് വ്യക്തമാക്കിയത്. ലേഡീസ് ഹോസ്റ്റൽ പത്ത് മണിക്ക് അടക്കുന്നതിനെതിരെ എംബിബിഎസ് വിദ്യാർഥികൾ പ്രതിഷേധം നടത്തിയിരുന്നു. ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

പത്ത് മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ നൽകിയിരുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം പത്ത് മണിക്ക് ഹോസ്റ്റൽ അടച്ചതോടെ പ്രാക്ടിക്കൽ ക്‌ളാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിൽക്കേണ്ടി വന്നു. ഇതോടെയാണ് ഹോസ്റ്റലിന് അകത്തുണ്ടായിരുന്ന വിദ്യാർഥികളടക്കം സംഘടിച്ച് പ്രതിഷേധം നടത്തിയത്.

വിഷയം ചർച്ചയായതോടെ വനിതാ കമ്മീഷൻ ഇടപെട്ടു. ഹോസ്റ്റലിലെ സമയ നിയന്ത്രണം ഗൗരവമായ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയ വനിതാ കമ്മീഷൻ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു. ആൺ - പെൺ വിവേചനമില്ലാതെ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം സൗകര്യം ഉണ്ടാവണം. മറ്റ് കോളേജുകളിൽ സമയ നിയന്ത്രണം ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

അതേസമയം, കോഴിക്കോടിന് പിന്നാലെ ആലപ്പുഴ മെഡിക്കൽ കോളജിലെ ഹോസ്റ്റലിലും വിദ്യാർത്ഥിനികൾ രാത്രിസമരം സംഘടിപ്പിച്ചു. രാത്രി പത്തുമണിക്ക് ഹോസ്റ്റൽ അടയ്ക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. കർഫ്യൂ സമയം നീട്ടണം എന്നതാണ് പ്രധാന ആവശ്യം. അൽപ്പസമയം പോലും വൈകി എത്തുന്നവരെ മണിക്കൂറുകളോളം പുറത്ത് നിർത്തുന്നതായി ആരോപിച്ചായിരുന്നു സമരം.

Similar Posts