വിവാദ വിനോദയാത്ര; ചട്ടം ലംഘിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്
|ഫെബ്രുവരി 10ന് കൂട്ട അവധിയെടുത്ത താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര നേരത്തെ വിവാദമായിരുന്നു
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ അന്വേഷണം പൂർത്തിയാക്കി ജില്ലാ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു. അവധിയെടുത്തതിൽ ചട്ടലംഘനമില്ലെന്നാണ് റിപ്പോർട്ട്. അവധിയെടുത്തത് അനധിക്യതമായല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ് പ്രാഥമിക അന്വേഷണം നടത്തി എ.ഡി.എം നൽകിയ റിപ്പോർട്ടിൽ ചട്ടലംഘനം നടന്നെന്ന് കണ്ടെത്തിയിരുന്നു. സർക്കാർ ഓഫിസിൽ ഉദ്യോഗസ്ഥർക്ക് കൂട്ട അവധി എടുക്കുന്നതിന് നിലവിൽ നിയമ തടസമില്ല.
റവന്യൂ മന്ത്രി കെ രാജന് ഇന്നലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഫെബ്രുവരി 10ന് കൂട്ട അവധിയെടുത്ത താലൂക്ക് ഓഫീസ് ജീവനക്കാരുടെ വിനോദയാത്ര നേരത്തെ വിവാദമായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് ഓഫീസിൽ നിന്നും അവധിയെടുത്ത് ജീവനക്കാർ മൂന്നാറിലേക്ക് വിനോദയാത്ര പോയത്. കൂട്ട അവധിയെ തുടർന്ന് താലൂക്ക് ഓഫീസിൽ എത്തിയ നിരവധി പേർ ബുദ്ധിമുട്ടിയിരുന്നു. ഇത് സംബന്ധിച്ച പരാതികളെ തുടർന്ന് കോന്നി എം.എൽ.എ കെ.യു ജെനീഷ് കുമാർ താലൂക്ക് ഓഫീസിൽ സന്ദർശനം നടത്തിയതോടെയാണ് സംഭവം വിവാദമായത്.
ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ അവധി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു.