'പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നു'; വിവാദമായ നിർമല കോളജിന്റെ പ്രൊമോഷൻ വീഡിയോ പിൻവലിച്ചു
|കോളജിന്റെ പ്രൊമോഷനായി ഇറക്കിയ വീഡിയോയിൽ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം വന്നതോടെയാണ് മാനേജ്മെന്റിന്റെ നടപടി
കൊച്ചി: മൂവാറ്റുപുഴ നിർമല കോളജ് ഇറക്കിയ വിവാദ വീഡിയോ പിന്‍വലിച്ചു. കോളജിന്റെ പ്രൊമോഷനായി ഇറക്കിയ വീഡിയോയില്‍ പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം വന്നതോടെയാണ് മാനേജ്മെന്റിന്റെ നടപടി. വീഡിയോ പ്രചരിക്കാനിടയായതില്‍ മാനേജ്മെന്റ് ഖേദവും പ്രകടിപ്പിച്ചു.
സിറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള നിർമല കോളജിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനായി ഇറക്കിയതാണ് വീഡിയോ. വായനയും ഭാവനയും ചിത്രീകരിക്കാന്‍ പ്രണയരംഗങ്ങളുടെ പശ്ചാത്തലം ഉപയോഗിച്ചതാണ് വിവാദമായത്. കത്തോലിക്കാ സഭയുടെ സ്ഥാപനം പ്രണയം ഉദാത്തവത്കരിക്കുന്നുവെന്നായിരുന്നു വിമർശനം.
കോളജ് വെബ്സൈറ്റില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും വൈകാതെ വീഡിയോ പിന്‍വലിച്ചു. കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല വീഡിയോ എന്ന് വിശദീകരിച്ച മാനേജ്മെന്റ്, ഖേദവും പ്രകടിപ്പിച്ചു. പുറത്തുള്ള ഏജന്‍സിയാണ് വീഡിയോ നിർമിച്ചതെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും മാനേജർ ഫാദർ പയസ് മാലേക്കണ്ടത്തില്‍ അറിയിച്ചു. എഴുപത് വർഷം പഴക്കമുള്ള നിർമല കോളജ് സ്വയംഭരണ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ്.
Watch Video Report