സദാചാര ആക്രമണം നേരിട്ട വിദ്യാര്‍ഥികൾക്കെതിരെ വിവാദ പരാമര്‍ശം; കരിമ്പ സ്കൂളിലെ പി.ടി.എ വൈസ് പ്രസിഡന്‍റ് രാജിവെച്ചു
|ജാഫറിനെതിരെ ഇന്നലെ നടന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു
പാലക്കാട്: കരിമ്പ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ പി.ടി.എ വൈസ് പ്രസിഡന്‍റ് എ.എസ് ജാഫർ അലി രാജിവെച്ചു. സദാചാര ആക്രമണം നേരിട്ട വിദ്യാര്‍ഥികൾക്കെതിരെ ജാഫർ അലി വിവാദ പരമർശം നടത്തിയിരുന്നു. ഇതിനെതിരെ ഇന്നലെ നടന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എ.എസ് ജാഫർ അലി പി.ടി.എ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.
കഴിഞ്ഞയാഴ്ചയാണ് കരിമ്പ ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടായത്. സ്കൂൾ വിട്ട ശേഷം സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന വിദ്യാത്ഥികൾക്കാണ് മർദനമേറ്റത്. 5 പെൺകുട്ടികളും 5 ആൺകുട്ടികളുമായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്ത് അവിടേക്ക് വന്ന ഒരാൾ പെൺകുട്ടികൾക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്തെന്നാണ് വിദ്യാർത്ഥികളുടെ പരാതി. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദിക്കാൻ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.