പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നത്; സിവിക് ചന്ദ്രന്‍റെ ജാമ്യ ഉത്തരവില്‍ വിവാദ പരാമര്‍ശം
|കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്
കോഴിക്കോട്: എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി ഉത്തരവിൽ വിവാദ പരാമർശങ്ങൾ. പരാതിക്കാരിയുടെ വസ്ത്രധാരണ രീതി ലൈംഗികമായി പ്രകോപിപ്പിക്കുന്നതാണെന്ന് ഉത്തരവിൽ പറയുന്നു.74 വയസുകാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും വിധിയിൽ പരാമർശം. കോഴിക്കോട് സെഷൻസ് കോടതിയാണ് സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയ സമയത്ത് സിവിക് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. മറ്റൊരു പരാതിയിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
ആദ്യം രജിസ്റ്റർ ചെയ്ത പീഡനക്കേസിൽ സിവിക് ചന്ദ്രന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 20 ദിവസം മുൻപ് നല്‍കിയ പരാതിയിൽ കേസെടുത്തിട്ടും മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതുവരെ പൊലീസ് സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് അതിജീവിതയോടൊപ്പം നിൽക്കുന്ന ഐക്യദാർഢ്യ സമിതിയുടെ ആരോപണം. അതിജീവിതയുടെ പരാതിയിൽ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.