ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന; പ്രതികരിക്കേണ്ടെന്ന നിലപാടിൽ ലീഗ് നേതൃത്വം
|സമസ്തയ്ക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് ഉമർ ഫൈസി മുക്കം മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെ മുസ്‌ലിം ലീഗ് - സമസ്‌ത ബന്ധത്തിൽ വീണ്ടും തർക്കം. മുസ്‌ലിം ലീഗിനെതിരായ സമസ്‌ത സെക്രട്ടറിയും മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്റെ പ്രതികരണമാണ് വിവാദത്തിന് തിരി കൊളുത്തിയത്. സമസ്തയ്ക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു. വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ് നേതൃത്വം.
ഇടതുപക്ഷത്തിനു നേട്ടമായേക്കാവുന്ന ഉമർഫൈസിയുടെ നിലപാടിൽ സമസ്തയിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്‍റ് ജിഫ്രി തങ്ങൾ ആണെന്ന് എസ്.വൈ.എസ് ഓർഗനൈസിങ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി മീഡിയവണിനോട് പറഞ്ഞു.
ലീഗിനെതിരായ വിമർശനത്തിൽ പ്രതികരിച്ച് വിവാദം വലുതാക്കേണ്ടെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ് നേതൃത്വം. സമസ്തയെ പിന്തുടരുന്ന വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഉമർ ഫൈസിയുടെ പ്രതികരണത്തിൽ ജിഫ്രി തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുള്ള സമസ്ത നേതാക്കളുടെ പരസ്യ പ്രതികരണങ്ങൾ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് ക്യാമ്പിനുണ്ട്.