വിവാദ സിലബസ് പിന്‍വലിക്കണം; കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ വഴിയില്‍ തടഞ്ഞു
|യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് സര്‍വകലാശാല ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.
കണ്ണൂർ സര്‍വകലാശാല വൈസ് ചാൻസലറെ വഴിയിൽ തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകര്‍. പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രനെയാണ് തടഞ്ഞത്. വിവാദ സിലബസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സര്‍വകലാശാല ആസ്ഥാനത്ത് ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നാണ് വിവരം.
പബ്ലിക് അഡ്മിനിസ്‌ട്രേഷൻ പി.ജി സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സർകലാശാലയുടെ നടപടി. വി.ഡി സവർക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സ്, വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്, ബൽരാജ് മധോകിന്‍റെ ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.
കണ്ണൂർ സർവകലാശാലയിൽ പുതുതായി ആരംഭിച്ച കോഴ്‌സാണ് പി.ജി പബ്ലിക്ക് അഡ്മിനിസ്‌ട്രേഷൻ. തലശ്ശേരി ബ്രണ്ണൻ കോളജിൽ മാത്രമാണ് ഈ കോഴ്‌സുള്ളത്. ബ്രണ്ണൻ കോളജിലെ നാല് അധ്യാപകരുടെ തീരുമാനം മാത്രം കണക്കിലെടുത്താണ് സർവകലാശാല ഗോൾവാക്കറുടെയും സവര്‍ക്കറുടെയുമൊക്കെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയത്.
അതേസമയം, വിവാദങ്ങള്‍ അനാവശ്യമാണെന്നും സിലബസ് കൃത്യമായി വായിച്ചവരാണെങ്കില്‍ ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നും വായിച്ചു മനസിലാകാത്തവരാണ് കൂടുതല്‍ പഠിക്കേണ്ടതെന്നുമാണ് സര്‍വകലാശാല വി.സിയുടെ പ്രതികരണം. ഇന്ന് ഉച്ചതിരിഞ്ഞ് മാധ്യമങ്ങളെ കാണുമെന്ന് വി.സി നേരത്തെ അറിയിച്ചിരുന്നു.