Kerala
കോട്ടയത്തെ യുഡിഎഫിൽ തർക്കം തുടരുന്നു: കെ-റെയിൽ സമരത്തെ പ്രതിസന്ധിയിലാക്കി
Kerala

കോട്ടയത്തെ യുഡിഎഫിൽ തർക്കം തുടരുന്നു: കെ-റെയിൽ സമരത്തെ പ്രതിസന്ധിയിലാക്കി

Web Desk
|
5 April 2022 1:33 AM GMT

കോട്ടയം ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ല നേതൃത്വവുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല

കോട്ടയം: കോട്ടയത്തെ യുഡിഎഫിനുള്ളിൽ ഉണ്ടായ പൊട്ടിത്തെറി യുഡിഎഫിന്റെ കെ -റെയിൽ വിരുദ്ധ സമരത്തെയും ബാധിക്കുന്നു. കോട്ടയം ഡിസിസി പ്രസിഡന്റും യുഡിഎഫ് ജില്ല നേതൃത്വവുമായി ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കെ-റെയിൽ വിഷയത്തിൽ സർക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങൾക്കും ഇത് തിരിച്ചടിയുണ്ടാക്കുന്നുണ്ട്.

കെ-റെയിൽ സമരത്തിൽ ഏറ്റവും വലിയ ചെറുത്ത് നിൽപ്പ് ഉണ്ടായത് കോട്ടയം മാടപ്പള്ളിയിലാണ്. മുതിർന്ന നേതാക്കൾ നേരിട്ടെത്തി സമരം ഏറ്റെടുക്കുകയും ചെയ്തതോടെ വലിയ നേട്ടം യുഡിഎഫിനുണ്ടായി. എന്നാൽ പിന്നീട് കാണാനായത് കോട്ടയത്തെ യുഡിഎഫിലെ തമ്മിൽ തല്ലാണ്. മറ്റ് നേതാക്കളോട് ആലോചിക്കാതെ കല്ലിടുന്നിടത്ത് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഒറ്റയ്ക്ക് എത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ഇതോടെ പ്രശ്നം വഷളായി. മറ്റ് യുഡിഎഫ് നേതാക്കൾ ഡി.സി.സി പ്രസിഡന്റിനെതിരെ തിരിഞ്ഞതോടെ ജില്ലാ യുഡിഎഫിൽ രണ്ട് ചേരികളും ഉണ്ടായി. പ്രതിപക്ഷ നേതാവ് എത്തിയ വേദിയിൽ ഡിസിസി പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. ഇതോടെ ഡിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവിനെതിരെ തന്നെ രംഗത്ത് വന്നു. ഇപ്പോൾ പാളയത്തിലെ പട യുഡിഎഫിന് വലിയ തലവേദനയായിരിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ ജില്ലയിൽ മുതിർന്ന യുഡിഎഫ് നേതാക്കളുണ്ടെങ്കിലും എല്ലാവരും മൗനം പാലിക്കുകയാണ്.

വരും ദിവസങ്ങളിലെ കെ-റെയിൽ വിരുദ്ധ സമരങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് യാതൊരു ധാരണയും ജില്ല യുഡിഎഫിനില്ല. എല്ലാവരേയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനായില്ലെങ്കിൽ ശക്തി കേന്ദ്രമായ കോട്ടയത്ത് യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടായേക്കും.

Related Tags :
Similar Posts