Kerala
വ്യാജ വീഡിയോ പ്രതിയെ ചൊല്ലി വിവാദം പുകയുന്നു; ആരോപണം കടുപ്പിച്ച് സി.പി.എം നിലപാട് ആവർത്തിച്ച് മുസ്‍ലിം ലീഗ്
Kerala

വ്യാജ വീഡിയോ പ്രതിയെ ചൊല്ലി വിവാദം പുകയുന്നു; ആരോപണം കടുപ്പിച്ച് സി.പി.എം നിലപാട് ആവർത്തിച്ച് മുസ്‍ലിം ലീഗ്

Web Desk
|
2 Jun 2022 1:48 AM GMT

ലീഗ് ബന്ധം ആരോപിച്ചതിന് പിന്നിൽ സി.പി.എം ഗൂഢാലോചന എന്ന ലീഗ് മുഖപത്രമായ ചന്ദ്രികയിലെ വാർത്തക്ക് പിന്നാലെയാണ് സി.പി.എം ആരോപണം കടുപ്പിക്കുന്നത്

തൃക്കാക്കര: തൃക്കാക്കര ഉപതരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായിട്ടും അവസാനിക്കാത്ത വിവാദമായി വ്യാജ വീഡിയോ കേസ് പ്രതിയുടെ രാഷ്ട്രീയം. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്ത കേസിലെ പ്രതി ലീഗ് പ്രവർത്തകനെന്ന് സി.പി.എം ജില്ലാ നേതൃത്വം ആവർത്തിച്ചു. പ്രതി അബ്ദുൽ ലത്തീഫിന്റെ നാട്ടിൽ വെച്ച് ഇയാൾ ലീഗ് പ്രവർത്തകനല്ലെന്ന് പറയാൻ നേതാക്കൾക്ക് കഴിയില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു .

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ പേരിൽ വ്യാജ വീഡിയോ അപ്‍ലോഡ് ചെയ്ത കേസിൽ അറസ്റ്റിലായ അബ്ദുൽ ലത്തീഫ് ലീഗ് പ്രവർത്തകനാണെന്ന് സി.പി.എം ആരോപിച്ചതോടെ തുടങ്ങിയതാണ് വിവാദം. ലീഗ് ബന്ധം ആരോപിച്ചതിന് പിന്നിൽ സി.പി.എം ഗൂഢാലോചന എന്ന ലീഗ് മുഖപത്രമായ ചന്ദ്രികയിലെ വാർത്തക്ക് പിന്നാലെയാണ് സി.പി.എം ആരോപണം കടുപ്പിക്കുന്നത്. ലത്തീഫിന്റെ നാടായ കോട്ടക്കൽ ഇന്ത്യന്നൂരിലെ ജനങ്ങളോട് പാർട്ടി ബന്ധമില്ലെന്ന് പറയാൻ ലീഗ് നേതൃത്വത്തെ വെല്ലുവിളിക്കുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പറഞ്ഞു .

ലത്തീഫുമായി ഒരു ബന്ധവുമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വവും. മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പ്രതിയെ തള്ളിപ്പറഞ്ഞ് ഖേദം പ്രകടിപ്പിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടിട്ടുണ്ട്.

Similar Posts