പാലക്കാട് BJPയിലെ തർക്കം; ഇടപെട്ട് ആര്‍എസ്എസ് നേതൃത്വം
|RSS സംസ്ഥാന നേതൃത്വം ബിജെപി നേതാക്കളുമായി സംസാരിച്ചു
പാലക്കാട്: പാലക്കാട് ബിജെപിയിലെ തർക്കത്തിൽ ആർഎസ്എസ് നേതൃത്വം ഇടപെടുന്നു. ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി നേതാക്കളുമായി സംസാരിച്ചു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ നിന്ന് സംസ്ഥാന ഭാരവാഹി ഉൾപ്പെടെ വിട്ടു നിന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്ന സംഭവമായിരുന്നു ഇത്. പിന്നാലെയാണ് ആർഎസ്എസ് വിഷയത്തിൽ ഇടപെടുന്നത്. അതേസമയം റോഡ് ഷോയിലെ പങ്കാളിത്തക്കുറവ് ബിജെപി പരിശോധിക്കും.
പാർട്ടിയിൽ ഭിന്നതയില്ലെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് പ്രതികരിച്ചത്. സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിയുടെ മറ്റൊരുപരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നത് കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രന്റെ ഫ്‌ലക്‌സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം നടന്ന സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ നിന്ന് സംസ്ഥാന ഭാരവാഹി ഉൾപ്പെടെ വിട്ടു നിന്നിരുന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും റോഡ് ഷോയിൽ എത്തിയിരുന്നില്ല. പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച സംഭവവും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.