ബൈക്കിൽ കാറിടിച്ചതിനെ ചൊല്ലി തർക്കം: എറണാകുളത്ത് തലയ്ക്കടിയേറ്റയാൾ മരിച്ചു
|സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലിയെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളത്ത് ബൈക്കിൽ കാർ ഇടിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ തലയ്ക്ക് അടിയേറ്റ ആൾ മരിച്ചു. ആമ്പല്ലൂർ സ്വദേശി സുരേഷാണ് മരിച്ചത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി മുഹമ്മദലിയെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് അടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. എറണാകുളം മുളന്തുരുത്തിക്ക് സമീപം ആമ്പല്ലൂർ ജംഗ്ഷനിൽ ഈമാസം 14 നായിരുന്നു സംഭവം.
സുരേഷ് ഓടിച്ചിരുന്ന ബൈക്കിൽ കോഴിക്കോട് സ്വദേശി മുഹമ്മദലി ഓടിച്ച വാഹനം ഇടിച്ചതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിന് പിന്നാലെയാണ് കമ്പി വടി കൊണ്ട് മുഹമ്മദലി സുരേഷിന്റെ തലയ്ക്കടിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുരേഷ് ഇന്ന് ഉച്ചയോടെ മരിച്ചു. സംഭവത്തിന് പിന്നാലെ മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി മുഹമ്മദലി നിലവിൽ റിമാൻഡിലാണ്. നേരത്തെ വധശ്രമത്തിനാണ് പോലീസ് മുഹമ്മദലിക്കെതിരെ കേസടുത്തിരുന്നത്. സുരേഷിന്റെ മരണത്തോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും.