‘കട്ടൻ ചായയിൽ മുട്ടൻ പണി’; തെരഞ്ഞെടുപ്പ് ദിനത്തിൽ വീണ്ടും ഇ.പി വിവാദം
|ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് ഇ.പി ജയരാജൻ സ്ഥിരീകരിച്ചത്
കോഴിക്കോട്: ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടുവെന്ന് എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി ജയരാജൻ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു. ആ വെളിപ്പെടുത്തൽ പാർട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ പരിക്ക് ചെറുതല്ലായിരുന്നു. മാസങ്ങൾക്കിപ്പുറം ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ ‘ കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പുസ്തകത്തിലെ പരാമർശങ്ങൾ പാർട്ടിയെയും പിണറായിയെയും വീണ്ടും വിവാദങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുലച്ചതായിരുന്നു ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തൽ. ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനുമാണ് കൂടിക്കാഴ്ച വെളിപ്പെടുത്തിയത്. ഇ.പി ബിജെപിയിലേക്ക് പോകുന്നുവെന്ന തരത്തിൽ ചർച്ചകൾ ഉയർന്നു. സിപിഎമ്മും എൽഡിഎഫും പ്രതിരോധത്തിലായി.വലിയ വിവാദമായപ്പോൾ ഇ.പി യെ പ്രതിരോധിച്ച് സിപിഎം രംഗത്തെത്തിയിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഇ.പി ജയരാജൻ കൂടിക്കാഴ്ച തുറന്നു സമ്മതിച്ചു. മകന്റെ വീട്ടിൽ വന്നാണ് ജാവഡേക്കർ കൂടിക്കാഴ്ച നടത്തിയതെന്ന് ജയരാജൻ പറഞ്ഞത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു. തുടർന്ന് മാസങ്ങൾക്കു ശേഷം ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് പാർട്ടി മാറ്റി. നടപടിയല്ലെന്നും ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞുവെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അന്ന് വിശദീകരിച്ചത്.
മാസങ്ങൾക്കിപ്പുറം കേരളത്തിൽ 2 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ‘കട്ടൻചായയും പരിപ്പുവടയിലുടെയും’ വിവാദങ്ങളിലേക്കെടുത്തിടുന്നത്. പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന പുസ്തകത്തിലെ പരാമർശങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്.
രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമാണ്. ദേശാഭിമാനിക്കായി പരസ്യവും ബോണ്ടും വാങ്ങിയത് പാർട്ടിയുമായി ആലോചിച്ചാണെന്നും എന്നാൽ വി.എസ് അച്യുതാനന്ദൻ അത് തനിക്കെതിരെ ആയുധമാക്കിയെന്നതടക്കമുള്ള വിമർശനങ്ങളാണ് പുസ്തകത്തിലുള്ളത്. ആദ്യ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനൊപ്പം ഇ.പി ജയരാജൻ നിൽക്കുന്ന ചിത്രമാണ് പുസ്തകത്തിന്റെ കവറിലുള്ളത്. കട്ടൻചായ പിടിച്ചുനിൽക്കുന്ന ഇഎംഎസിനെ ചിരിയോടെ നോക്കുന്ന ജയരാജനാണ് ചിത്രത്തിലുള്ളത്.
എന്നാൽ പുസ്തകവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് ഇ.പി ജയരാജൻ രംഗത്തെത്തി. പുസ്തകം താൻ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇ.പി പറഞ്ഞു. 'ഞാൻ എഴുതിയിടത്തോളമുള്ള കാര്യങ്ങൾ പ്രിന്റ് ചെയ്യാൻ ആരെയും ഏൽപ്പിച്ചിട്ടില്ല. ഇന്ന് വന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഞാൻ എഴുതാത്ത കാര്യങ്ങൾ എഴുതി അത് പ്രസിദ്ധീകരിക്കുമെന്ന വാർത്തയാണ് ഞാൻ കാണുന്നതെന്നും ഇ.പി കൂട്ടിച്ചേർത്തു.
'തെരഞ്ഞെടുപ്പ് ദിവസം പാർട്ടിക്കെതിരെ വാർത്തകൾ സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണിത്. ശക്തമായ നിയമനടപടി സ്വീകരിക്കും. എന്റെ പുസ്തകം താമസിക്കാതെ തന്നെ ഞാൻ പ്രസിദ്ധീകരിക്കും. മാതൃഭൂമി, ഡിസി ബുക്സ് എന്നിവർ പ്രസിദ്ധീകരിക്കാൻ ചോദിച്ചിരുന്നു. ആലോചിച്ച് പറയാം എന്നായിരുന്നു എന്റെ മറുപടി.' പുസ്തകത്തിന്റെ പുറംചട്ട ഇന്ന് ആദ്യമായാണ് കാണുന്നത്. ഇതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ട്. എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഡിസി ബുക്സിന് ഒരു കരാറും ഏൽപ്പിച്ചിട്ടില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഇ പി ജയരാജനുമായി കരാറുണ്ടെന്ന് ഡിസി ബുക്സ്. ഡിസി ഔദ്യോഗികമായി അറിയിച്ചില്ലെങ്കിലും കരാറുണ്ടെന്നാണ് ഡിസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന അങ്ങനെയാണ്. അതേസമയം, 'കട്ടൻചായയും പരിപ്പുവടയും' എന്ന പുസ്തകത്തിൻ്റെ പ്രകാശനം നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു. നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം നീട്ടിവെക്കുന്നു എന്നാണ് വിശദീകരണം. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡിസി വ്യക്തമാക്കുന്നു.