മഹിളാ കോൺഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം രൂക്ഷം; ഇടപെട്ട് രമേശ് ചെന്നിത്തല
|പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകി
തിരുവന്തപുരം: മഹിളാ കോൺഗ്രസ് പുനഃസംഘടനസംബന്ധിച്ച് തർക്കം രൂക്ഷമാകുന്നു. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ദേശീയ നേതൃത്വത്തിന് കത്ത് നൽകി. ഭാരവാഹി പട്ടികയിൽ അതൃപ്തി അറിയിച്ച് ഐ വിഭാഗം നേതാവ് സുനിത വിജയൻ സംസ്ഥാന ഭാരവാഹിത്വം രാജിവച്ചു.ബിന്ദു കൃഷ്ണയുടെ ഭർത്താവും തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ ഭീഷണിപ്പെടുത്തി എന്ന് കാട്ടി സുനിത പൊലീസിൽ പരാതി നൽകി.
പലതവണ തർക്കങ്ങൾ ഉണ്ടായി തിരുത്തലുകളും നടന്നു. പക്ഷെ സമവായമായില്ല. അന്തിമപട്ടിക വന്നപ്പോൾ കെസി വേണുഗോപാൽ വിഭാഗത്തിനെ മാത്രം പരിഗണിച്ചു എന്നാണ് എ - ഐ വിഭാഗത്തിന്റെ പരാതി. സംസ്ഥാന ഭാരവാഹി പട്ടികയിയിലും എ, ഐ വിഭാഗത്തിനെ തഴഞ്ഞു.
സുധാകരനൊപ്പം നിന്നവർക്കും കാര്യമായ പരിഗണന കിട്ടിയില്ല. ഇതോടെയാണ് നേതാക്കൾ ഹൈക്കമാൻഡിനെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല ഗാർഖെക്ക് ഔദ്യോഗികമായി കത്ത് നൽകി. ജില്ലാ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കാത്തതിലുള്ള പ്രതിഷേധമാണ് ഐ വിഭാഗം നേതാവ് സുനിത വിജയനെ സംസ്ഥാന ഭാരവാഹിത്വം രാജിവയ്ക്കാൻ പ്രേരിപ്പിച്ചത്.