'ഓൺലൈൻ ആപ്പുകളിൽ നിന്ന് ചോദ്യങ്ങൾ അതുപോലെ പകർത്തി'; പി.എസ്.സി ചോദ്യപേപ്പറിൽ വീണ്ടും 'കോപ്പി പേസ്റ്റ്' വിവാദം
|അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയുടെ ചോദ്യങ്ങളാണ് പകർത്തിയത്
തിരുവനന്തപുരം: പിഎസ്‌സിയിൽ വീണ്ടും ചോദ്യപേപ്പർ പകർത്തിയെഴുത്ത് വിവാദം. ഓൺലൈൻ ആപ്പുകളിൽ നിന്ന് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയുടെ ചോദ്യങ്ങൾ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളിൽ നിന്ന് മുപ്പത്തിയാറ് ചോദ്യങ്ങൾ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകർത്തി. ഒമ്പത് ചോദ്യങ്ങളിൽ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകർത്തിയിട്ടുണ്ട്.
എട്ടുവർഷത്തിന് ശേഷമാണ് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷ നടക്കുന്നത്. ഓൺലൈൻ ആപ്പുകളിലെ ചോദ്യങ്ങൾ മാത്രമല്ല, ഓപ്ഷനുകളും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്.
നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് മീഡിയവണ്‍ പുറത്തെത്തിച്ചതോടെ പരീക്ഷ പിഎസ്‌സി റദ്ദാക്കിയിരുന്നു. മാർച്ച് 4ന് നടന്ന പരീക്ഷയിലെ 90ശതമാനം ചോദ്യങ്ങളും പകർത്തിയത് ഒരു ഗൈഡിൽ നിന്നായിരുന്നു. ചോദ്യപേപ്പറിലെ 'കോപ്പി പേസ്റ്റ്' പുറത്തുകൊണ്ടുവന്നത് മീഡിയവണായിരുന്നു. വ്യവസായ പരിശീലന വകുപ്പിലെ പ്ലംബർ തസ്തികയിലേക്ക് നടത്തിയ പരീക്ഷ പി.എസ്.സി റദ്ദാക്കിയത്.
വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്പെക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിലേക്ക് നടത്തിയ പരീക്ഷയിലാണ് ചോദ്യങ്ങൾ കോപ്പി പേസ്റ്റ് ചെയ്തത്. 2019ൽ ഇറങ്ങിയ 'പ്ലംബർ തിയറി' എന്ന പുസ്തകത്തിൽ നിന്നാണ് നൂറിൽ 96 ചോദ്യങ്ങളുo പകർത്തിയത് എന്ന് തെളിവ് സഹിതം മീഡിയവൺ കണ്ടെത്തിയിരുന്നു.