കൊല്ലത്ത് വാട്ടർ മെട്രോയുടെ സാധ്യതാ പഠത്തിന് തുടക്കം കുറിച്ച് കോർപ്പറേഷൻ
|അഷ്ടമുടി വാട്ടർമെട്രോയുടെ പദ്ധതി പ്രദേശം കൊച്ചി വാട്ടർ മെട്രോയിലെ വിദഗ്ധ സംഘം സന്ദർശിച്ചു
കൊല്ലം: കൊല്ലത്ത് വാട്ടർ മെട്രോയുടെ സാധ്യതാ പഠത്തിന് തുടക്കം കുറിച്ച് കോർപ്പറേഷൻ. അഷ്ടമുടി വാട്ടർമെട്രോയുടെ പദ്ധതി പ്രദേശം കൊച്ചി വാട്ടർ മെട്രോയിലെ വിദഗ്ധ സംഘം സന്ദർശിച്ചു. മെട്രോ, ടെർമിനലുകൾ, ബോട്ട് യാർഡുകൾ തുടങ്ങിയ നിർമ്മിക്കുന്നതിന് സംഘം പഠനം നടത്തും.
കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ കൊല്ലം അഷ്ടമുടി വാട്ടർ മെട്രോ നടപ്പിലാക്കാനാണ് കോർപ്പറേഷന്റെ പദ്ധതി. അഷ്ടമുടി കായലിലൂടെയുള്ള ഗതാഗതപാത വിപുലീകരണമാണ് ലക്ഷ്യം. പദ്ധതി യാഥാർത്ഥ്യമയാൽ വിനോദസഞ്ചാര മേഖലക്കും മുതൽക്കൂട്ടാകും. പരിസ്ഥിതി സൗഹൃദ മാതൃകയിൽ ആയിരിക്കും പദ്ധതി. പദ്ധതി പ്രദേശം സന്ദർശിച്ച കൊച്ചി വാട്ടർ മെട്രോയിലെ വിദഗ്ദ്ധ സംഘം മേയറുമായി ആദ്യഘട്ട ചർച്ചകൾ നടത്തി.
നിരീക്ഷണ ക്യാമറ, ഓട്ടോമാറ്റിക് ഫെയർ കൺട്രോൾ സിസ്റ്റം, തുടങ്ങിയ സാധ്യതകളും അഷ്ടമുടി മെട്രോയിൽ ഉപയോഗപ്പെടുത്തും. കായലിൽ ആഴം കൂട്ടേണ്ട സ്ഥലങ്ങൾ സംബന്ധിച്ച് വിവരങ്ങൾ ഉൾപ്പടെ വിദഗ്ധസംഘം റിപ്പോർട്ട് നൽകും. സാധ്യത പഠനം എത്രയും വേഗം പൂർത്തിയാക്കി നിർമാണവും ആയി മുന്നോട്ട് പോകാൻ ആണ് കോർപറേഷന്റെ തീരുമാനം.