Kerala
Bribery row Saiby Jose
Kerala

'തെളിവുകളില്ല'; കോഴക്കേസില്‍ അഡ്വ. സൈബി ജോസിനെതിരെ തുടർനടപടികൾ വേണ്ടെന്ന് ബാർ കൗൺസിൽ

Web Desk
|
14 Jun 2023 3:10 AM GMT

സൈബിക്കെതിരായ പരാതിഅച്ചടക്ക സമിതിക്ക് കൈമാറില്ല

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ പരാതിയിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ബാർ കൗണ്‍സിലിന്റെ തീരുമാനം. നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ സൈബിക്കെതിരായ പരാതി അച്ചടക്ക സമിതിക്ക് കൈമാറില്ല. സൈബിക്കെതിരെ ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബാർകൗണ്‍സിൽ വിശദീകരിച്ചു.

അഡ്വ. സൈബി ജോസിനെതിരെ നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ബാർ കൗണ്‍സിൽ നടപടികൾ ആരംഭിച്ചിരുന്നത്. ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സൈബിയുടെ വിശദീകരണവും ബാർ കൗണ്‍സിൽ കേട്ടിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാൻ മാത്രം തെളിവ് ലഭിച്ചിട്ടില്ലെന്നാണ് ബാർ കൗണ്‍സിലിന്റെ വിശദീകരണം.

നിയമമന്ത്രാലയത്തിന് ലഭിച്ച കത്തിൽ പരാതിക്കാരുടെ വിവരങ്ങൾ അപൂർണമായിരുന്നു. വിലാസമില്ലാത്ത കത്തിന്റെ പേരിൽ സൈബിക്കെതിരായ പരാതി അച്ചടക്ക സമിതിക്ക് കൈമാറേണ്ടതില്ലെന്നും ബാർ കൗണ്‍സിൽ തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണം നടക്കുകയാണ്, അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തുടർനടപടി വേണ്ടെന്നും ബാർകൗണ്‍സില്‍ തീരുമാനിച്ചു.

സൈബിയുടെ പേരിൽ ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസിലും ബാർകൗണ്‍സിൽ തുടർനടപടികൾ അവസാനിച്ചിരുന്നു. കേസിൽ ഇഡി അന്വേഷണം ആരംഭിച്ച് പരാതിക്കാരുടെ മൊഴി എടുക്കുന്ന സന്ദർഭത്തിലാണ് സൈബിക്കെതിരായ പരാതിയിൽ തുടർനടപടികൾ മരവിപ്പിക്കാനുള്ള ബാർകൗണ്‍സിലിന്റെ നീക്കം.


Similar Posts