അഴിമതിക്കേസ്; ബിഷപ് ധർമരാജ് റസാലത്തിനെ ഇ.ഡി പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു
|കാരക്കോണം മെഡിക്കൽ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
സിഎസ്ഐ ദക്ഷിണകേരള ബിഷപ് ധർമരാജ് റസാലത്തിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു വിട്ടയച്ചു. കാരക്കോണം മെഡിക്കൽ കോളജിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ചോദ്യചെയ്യലിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ബിഷപ്പ് പ്രതികരിച്ചില്ല. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബിഷപ്പ് ധർമരാജ് റസാലത്തിന്റെ വിദേശ യാത്ര ഇന്നലെ ഇ.ഡി തടഞ്ഞിരുന്നു. യുകെയിലേക്ക് പോകാനുള്ള ശ്രമമാണ് വിമാനത്താവളത്തിൽ വെച്ച് തടഞ്ഞത്. ഇന്നലെ പുലർച്ചെ വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ ബിഷപ്പിനെ തടയുകയായിരുന്നു. തുടർന്ന് ഇ ഡിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളജിലും നടന്ന പരിശോധന 13 മണിക്കൂർ നീണ്ടുനിന്നിരുന്നു. ഇ.ഡി സംഘം മടങ്ങിയതിന് പിന്നാലെ സഭാ ആസ്ഥാനത്ത് ബിഷപ്പ് അനുകൂലികളും ബിഷപ്പിനെ എതിർക്കുന്നവരും പരസ്പരം പോർവിളിച്ചു.