'സ്‌പോൺസർഷിപ്പിൽ നടന്ന സ്റ്റേഷൻ നവീകരണത്തിന് സർക്കാരിൽനിന്ന് ലക്ഷങ്ങൾ വാങ്ങി'; തിരൂരങ്ങാടി പൊലീസിനെതിരെ അഴിമതി ആരോപണം
|അന്ന് എസ്‍പി ആയിരുന്ന സുജിത് ദാസിന് പരാതി നൽകിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്ന് യൂത്ത് ലീഗ്
മലപ്പുറം: തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണത്തിൽ അഴിമതി നടന്നതായി ആരോപണം. 2021-22 വർഷത്തിലാണ് സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നത്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
പണപ്പിരിവ് നടത്തിയും വ്യാപാരികളിൽനിന്ന് സാധനങ്ങൾ എത്തിച്ചുമാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ നവീകരണം നടത്തിയതെന്നാണ് ആക്ഷേപം. കൂടാതെ തൊണ്ടിമുതലായി സൂക്ഷിച്ച മണലും സ്റ്റേഷൻ നവീകരണത്തിനായി ഉപയോഗിച്ചതായി ആരോപണമുണ്ട് . ഇതുമായി ബന്ധപ്പെട്ട് അന്നുതന്നെ പരാതി ഉയർന്നിരുന്നു.
സ്റ്റേഷന്‍ നവീകരണത്തിന് 24 ലക്ഷം രൂപ ചെലവായെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, തിരൂരങ്ങാടി സ്റ്റേഷനിൽ പോയാൽ ഇതിന്‍റെ വസ്തുത മനസിലാകുമെന്നും ടൈൽസും കമ്പികളും ഷീറ്റുമെല്ലാം സൗജന്യമായി നൽകിയതാണെന്നും യൂത്ത് ലീഗ് നേതാവ് യു.എ റസാഖ് പറഞ്ഞു. ഇതിനു പുറമെ തൊണ്ടിമണലും ഉപയോഗിച്ചായിരുന്നു നവീകരണം. ഇതേകുറിച്ചെല്ലാം അക്കാലത്തുതന്നെ പരാതി ഉയര്‍ത്തിയിരുന്നു. അന്ന് എസ്‍പി ആയിരുന്ന സുജിത് ദാസിന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയിരുന്നുവെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും റസാഖ് ആരോപിച്ചു.
ഡിജിപിക്ക് ഉള്‍പ്പെടെ പരാതി നൽകിയിരുന്നെങ്കിലും സുജിത് ദാസിനെക്കൊണ്ടാണ് അന്വേഷിപ്പിച്ചത്. സ്റ്റേഷനില്‍ എസ്‍എച്ച്ഒ ആയിരുന്നത് സന്ദീപ് കുമാറാണ്. എസ്‍ഐ ആയിരുന്നത് പ്രിയനും. ഇവരൊക്കെ അന്ന് ആരോപണത്തിനു വിധേയരായ ആളുകളാണ്. ഇക്കാര്യത്തില്‍ നിരവധി പരാതികൾ നൽകിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. പുതിയ സാഹചര്യത്തിൽ വീണ്ടും എസ്‍പിക്കു പരാതി നൽകിയിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
പൂർണമായും സ്പോൺസർഷിപ്പിൽ നടത്തിയ സ്റ്റേഷന്‍ നവീകരണത്തിന് സർക്കാരിൽനിന്നു പണംവാങ്ങിയെന്നാണ് പരാതി. അന്ന് പണം നൽകാതിരുന്ന വ്യാപാരികൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നതായും ആക്ഷേപം ഉയർന്നിരുന്നു. നിർമാണത്തെ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം ഉയരുന്നത്.
Watch video story here:
Summary: It is alleged that there was a corruption of lakhs in the renovation of Tirurangadi police station in Malappuram