പുതുപ്പള്ളിയുടെ പുതിയ എം.എല്‍.എ ആരാകും?; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
|വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയോസ് കോളജിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്നറിയാം. വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചനകൾ വന്നുതുടങ്ങും. വോട്ടെണ്ണല്‍ നടക്കുന്ന കോട്ടയം ബസേലിയോസ് കോളജില്‍ ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ആദ്യം അയർകുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണും. ശേഷം, അകലക്കുന്നം, കൂരോപ്പട, മണർക്കാട്, പാന്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളാണ് എണ്ണുക.
20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും എണ്ണും.ഒരു മേശയിൽ സർവീസ് വോട്ടുകളും എണ്ണും. ആദ്യം എണ്ണുന്നത് തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് .
14 മേശകളിൽ 13 റൗണ്ടുകളിലായി വോട്ടെണ്ണൽ നടക്കും . ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകള്‍ എന്ന ക്രമത്തിലാണ് എണ്ണുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുണ്ട്. 72.86 ശതമാനം പേരാണ് പുതുപ്പള്ളിയില്‍ വോട്ട് രേഖപ്പെടുത്തിയത്. മുപ്പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. പ്രതീക്ഷ കൈവിടാത്ത ഇടതുമുന്നണി ആര് ജയിച്ചാലും ചെറിയ ഭൂരിപക്ഷം എന്ന കണക്കിലാണ് ആശ്വാസം കൊള്ളുന്നത്.