Kerala
The court fined the Samsung India and the service center for not repairing the fridge. The Ernakulam District Consumer Disputes Redressal Court has ordered to pay a compensation of Rs.1 lakh to the consumer
Kerala

ഫ്രിഡ്ജ് റിപ്പയർ ചെയ്തുനൽകിയില്ല; ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

Web Desk
|
29 Jan 2024 10:14 AM GMT

എറണാകുളം വാഴക്കാല സ്വദേശി എസ്. ജോസഫ് നല്‍കിയ പരാതിയിലാണു കോടതി ഇടപെടല്‍

കൊച്ചി: ഫ്രിജ്ഡ് റിപ്പയര്‍ ചെയ്തുകൊടുക്കാത്തതിന് നിര്‍മാതാവിനും സര്‍വീസ് സെന്‍ററിനും പിഴയിട്ട് കോടതി. ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. ഉൽപന്നം റിപ്പയർ ചെയ്തുലഭിക്കാനുള്ള ഉപഭോക്താവിന്‍റെ അവകാശം ലംഘിച്ചെന്നു കാണിച്ചാണു നടപടി.

എറണാകുളം വാഴക്കാല സ്വദേശി എസ്. ജോസഫ് നല്‍കിയ പരാതിയിലാണു കോടതി ഇടപെടല്‍. 2019 ജനുവരിയിലാണ് സാംസങ് സർവീസ് സെന്‍ററിനെ നേരത്തെ വാങ്ങിയ ഫ്രിഡ്ജിൻ്റെ റിപ്പയറിങ്ങിനായി ഇദ്ദേഹം സമീപിച്ചത്. കൂളിങ് സംവിധാനം തകരാറിലായ ഫ്രിഡ്ജ് റിപ്പയറിങ്ങിന് നൽകി 25 ദിവസം കഴിഞ്ഞിട്ടും സർവീസ് ചെയ്തുനല്‍കിയില്ല. ഇതുമൂലം കുടുംബത്തിൻ്റെ ദൈനംദിന പ്രവർത്തനം താളംതെറ്റിയെന്നു ജോസഫ് പരാതിയില്‍ പറഞ്ഞു. പ്രായമായ മാതാപിതാക്കളുടെ പ്രമേഹചികിത്സാ മരുന്ന് സമയത്തിന് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി തവണ സർവീസ് സെന്‍ററുമായി ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടാകാതായതോടെയാണു കോടതിയെ സമീപിച്ചത്.

എന്നാല്‍, ഒന്‍പതു വർഷങ്ങൾക്കുശേഷമാണ് ഫ്രിഡ്ജിന് തകരാറുണ്ടായതെന്നും നിർമ്മാണപരമായ വൈകല്യമല്ലെന്നും കമ്പനിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. പരാതിക്കാരൻ ഉപയോഗിച്ചതിന്റെ പിഴവുമൂലമാണ് ഇത് സംഭവിച്ചത്. വാറണ്ടി കാലയളവിനുശേഷമാണ് റിപ്പയർ ചെയ്യാനായി സർവീസ് സെന്‍ററില്‍ എത്തിയതെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍, ന്യായമായ സമയത്തിനകം ഫ്രിഡ്ജിൻ്റെ സർവീസ് നടത്തുന്നതിൽ സര്‍വീസ് സെന്‍റര്‍ വീഴ്ച വരുത്തിയതിനാൽ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം ഉപഭോക്തൃ കോടതി വ്യക്തമാക്കി. വലിയ വിലകൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താവ് അത് പ്രവർത്തനരഹിതമായാൽ സർവീസ് സെന്‍ററിനെ സമീപിക്കുമ്പോള്‍ പലപ്പോഴും കൃത്യമായ സേവനം ലഭിക്കാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ മറ്റൊരു ഉൽപന്നം തന്നെ വിലകൊടുത്ത് വാങ്ങാൻ ഉപഭോക്താവ് നിർബന്ധിതനാകും. ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ ഹനിക്കുക മാത്രമല്ല, അമിത ചെലവും പരിസ്ഥിതി മലിനീകരണവും വർധിക്കുന്നുണ്ടെന്നും കമ്മീഷൻ സൂചിപ്പിച്ചു.

യഥാസമയം ഫ്രിഡ്ജ് റിപ്പയർ ചെയ്ത് നൽകാത്തതുമൂലം പരാതിക്കാരൻ അനുഭവിച്ച ബുദ്ധിമുട്ടുകൾക്കും സാമ്പത്തിക ക്ലേശത്തിനും 80,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. 20,000 രൂപ കോടതി ചെലവായും 30 ദിവസത്തിനകം സര്‍വീസ് സെന്‍റര്‍ നൽകണമെന്ന് കോടതി ഉത്തരവിട്ടു. പരാതിക്കാരനു വേണ്ടി പി.യു സിയാദ് ഹാജരായി.

Summary: The court fined the Samsung India and the service center for not repairing the fridge. The Ernakulam District Consumer Disputes Redressal Court has ordered to pay a compensation of Rs.1 lakh to the consumer

Similar Posts