Kerala
saiby jose
Kerala

സൈബി ജോസിന് ആശ്വാസം; തെളിവുകളില്ല, കോഴക്കേസിലെ തുടർനടപടികൾ അവസാനിപ്പിച്ച് കോടതി

Web Desk
|
20 Jan 2024 10:38 AM GMT

സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ മൂവാറ്റുപുഴ വിജിലൻസ് കോടതി അംഗീകരിച്ചു.

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിലെ തുടർ നടപടികൾ മൂവാറ്റുപുഴ വിജിലൻസ് കോടതി അവസാനിപ്പിച്ചു. അഡ്വ. സൈബി ജോസിനെതിരെ തെളിവില്ലെന്ന കണ്ടെത്തൽ കോടതി അംഗീകരിച്ചു.

നേരത്തെ അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുപ്രകാരം രണ്ടുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന നിർദേശമാണ് വിജിലൻസ് കോടതിക്ക് ഹൈക്കോടതി നൽകിയിരുന്നത്.

സെബി ജോസിനെതിരായ ആരോപണങ്ങൾക്ക് അടിസ്ഥാനപരമായ തെളിവുകളില്ല എന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വിജിലൻസ് കോടതി അംഗീകരിച്ചു. സാക്ഷി മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും റിപ്പോർട്ടിൽ അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നു.

194 സാക്ഷികളുടെ മൊഴിയെടുത്തതിൽ സൈബി ജോസിന്റെ കക്ഷികളാരും കോഴ നൽകാൻ പണം നൽകിയതായി വെളിപ്പെടുത്തിയിട്ടില്ല. ആരോപണങ്ങൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

റിപ്പോർട്ട് കോടതി അംഗീകരിച്ചതോടെ സൈബി ജോസിനെതിരായ എഫ്ഐആറും റദ്ദാക്കേണ്ടി വരും. തനിക്കെതിരെ ഹൈക്കോടതിയിൽ നിന്നുള്ള അഭിഭാക്ഷകരടക്കം ഗൂഢാലോചന നടത്തിയതായി സൈബി ആരോപിച്ചിരുന്നു. പേരുവിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. വിധിയിൽ മാധ്യമങ്ങളെ നേരിട്ട് കണ്ട് പ്രതികരണം രേഖപ്പെടുത്തുമെന്ന് സൈബി അറിയിച്ചു.

Similar Posts