മഞ്ചേശ്വരം കോഴക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി കെ സുന്ദരയ്ക്ക് നോട്ടീസ് അയച്ചു
|സുന്ദരക്ക് ലഭിച്ച ബാക്കിയുള്ള തുക കൂടി കണ്ടെടുക്കാൻ അന്വേഷണസംഘം നീക്കം ഊർജിതമാക്കി
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി കെ സുന്ദരയ്ക്ക് നോട്ടീസ് അയച്ചു. കെ സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നെ അന്വേഷണ സംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയി അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് നോട്ടീസ് അയച്ചത്.
സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘ രഹസ്യമൊഴി എടുക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രഹസ്യമൊഴി എടുക്കുന്ന കീഴ്‍വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
കെ. സുന്ദരയോട് ഈ മാസം 29 ന് ഉച്ചയ്ക്ക് ശേഷം ഹാജരാവാനാണ് നിർദ്ദേശം. സാക്ഷികളുടെ രഹസ്യമൊഴി 30 ന് രേഖപ്പെടുത്തും. അതിനിടെ സുന്ദരയ്ക്ക് കോഴയായി ലഭിച്ച രണ്ടരലക്ഷത്തിൽ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഒരുലക്ഷത്തിന് പുറമേ ബാക്കിയുള്ള ഒന്നര ലക്ഷം രൂപ കൂടി കണ്ടെടുക്കാൻ അന്വേഷണസംഘം നീക്കം ഊർജിതമാക്കി.
ഒന്നര ലക്ഷം രൂപ വീട് നന്നാക്കുന്നതിന് ചിലവായി പോയെന്നായിരുന്നു സുന്ദര പൊലീസിന് നൽകിയ മൊഴി. വീടിൻ്റെ മേൽക്കൂര നന്നാക്കാനായി ഷീറ്റ് വാങ്ങിയ പെർളയിലെ കടയിൽ പൊലീസ് ഇന്നലെ പരിശോധന നടത്തി. ഷീറ്റ് വാങ്ങാൻ കടയിൽ നൽകിയ പണത്തെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. വീടിൻ്റെ അറ്റകുറ്റപണികൾ നടത്തിയ ജോലിക്കാരിൽ നിന്നും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിന് ആകെ 80,000 രൂപ ചിലവഴിച്ചിട്ടുണ്ടെന്നാണ് വിവരം. ബാക്കിയുള്ള 70,000 രൂപ ഒരു ബന്ധുവിൻ്റെ കൈവശമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.