Kerala
wafa firos
Kerala

വഫ ഫിറോസിനെ കേസിൽ നിന്ന് ഒഴിവാക്കി; പ്രേരണാക്കുറ്റം റദ്ദാക്കി കോടതി

Web Desk
|
13 April 2023 6:19 AM GMT

കേസിൽ ശ്രീറാം വെങ്കിട്ടരാമന്‌ കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു

കൊച്ചി: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി വഫ ഫിറോസിനെ കേസിൽ നിന്നൊഴിവാക്കി ഹൈക്കോടതി. വഫക്കെതിരായ പ്രേരണാക്കുറ്റംകോടതി റദ്ദാക്കി.

അതേസമയം, കേസിൽ ശ്രീറാം വെങ്കിട്ടരാമന്‌ കടുത്ത തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. തിരുവനന്തപുരം സെഷൻസ് കോടതിക്കെതിരായ സർക്കാരിന്റെ റിവിഷൻ ഹരജി ഹൈക്കോടതി അംഗീകരിച്ചിരുന്നു. നരഹത്യ കുറ്റം നിലനിൽക്കില്ല എന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ഹരജിയിലെ വാദം. ഇത് കോടതി തള്ളുകയായിരുന്നു.

മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റം മാത്രം ചുമത്തിക്കൊണ്ട് വിചാരണ നടപടികളിലേക്ക് കടക്കാനായിരുന്നു തിരുവനന്തപുരം സെഷൻസ് കോടതിയുടെ തീരുമാനം. നേരത്തെ, വഫയേയും ശ്രീറാമിനെയും നരഹത്യാക്കുറ്റത്തിൽ നിന്ന് കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു. വഫാക്കെതിരെ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി അന്ന് പറഞ്ഞിരുന്നു. എന്നാൽ, നരഹത്യാക്കുറ്റം ഒഴിവാക്കിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയും സെഷൻസ് കോടതി വിചാരണാ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നായിരുന്നു കീഴ്‌ക്കോടതി നിരീക്ഷണം. 10 വർഷം വരെ തടവ് ലഭിക്കാവുന്ന മനപ്പൂർവമുള്ള നരഹത്യക്കുള്ള വകുപ്പായ 304-2 ഒഴിവാക്കിയായിരുന്നു കോടതി വിധി. ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് കാർ ഓടിച്ചത് വഫയാണെന്ന് ശ്രീറാം മൊഴി നൽകിയത്. എന്നാൽ, ശ്രീറാമിനോട് അമിതവേഗതയിൽ വാഹനമോടിക്കാൻ പറഞ്ഞിട്ടില്ലെന്ന് വഫ കോടതിയിൽ വാദിച്ചു. വാഹനം ഓടിച്ചത് അമിതവേഗതയിലാണെന്നതിന് തെളിവുണ്ടെന്നും രക്തസാമ്പിളുകൾ ശേഖരിക്കാൻ ശ്രീറാം അനുവദിച്ചത് പത്ത് മണിക്കൂറിന് ശേഷമാണെന്നും പ്രോസിക്യൂഷനും കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Similar Posts