Kerala
Thiruvananthapuram court returns charge sheet in PSC exam cheating case of SFI leaders
Kerala

'തൊണ്ടിമുതൽ രേഖകൾ വ്യക്തമല്ല'; എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷാ തട്ടിപ്പുകേസ് കുറ്റപത്രം കോടതി മടങ്ങി

Web Desk
|
13 April 2023 2:20 PM GMT

2019ൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിൽ കൃത്രിമത്വം നടത്തിയെന്നാണ് കേസ്

തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കൾ പ്രതികളായ പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രം കോടതി മടക്കി. തൊണ്ടിമുതലുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. രേഖകളിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രം മടക്കിയത്.

തൊണ്ടി മുതൽ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. രേഖകളിൽ കൂടുതൽ വ്യക്തത വേണമെന്ന് കോടതി നേരത്തെയും നിർദേശിച്ചിരുന്നു. അടുത്തയാഴ്ച പുതുക്കിയ കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

2019ൽ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയിൽ കൃത്രിമത്വം നടത്തിയെന്നാണ് കേസ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായ ആർ. ശിവരഞ്ജിത്ത്, എ.എൻ. നസീം, പി.പി. പ്രണവ്, പരീക്ഷാ സമയത്ത് ഫോണിലൂടെ സന്ദേശങ്ങൾ നൽകിയ സിവിൽ പൊലീസ് ഓഫിസർ ഗോകുൽ, കല്ലറ സ്വദേശി സഫീർ എന്നിവരാണ് കേസിലെ പ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, കുറ്റകരമായ ഗൂഢാലോചന എന്നിവയുൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. സ്മാർട്ട്വാച്ച്, ഇയർഫോൺ തുടങ്ങിയവ ഉപയോഗിച്ചു നടത്തിയ തട്ടിപ്പിൽ സൈബർ നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സ്മാർട് വാച്ചിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച് ഉത്തരം വരുത്തി എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.



Similar Posts