പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തൽ; ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി
|2021ലെ വയലെസ് ചോർച്ചയിൽ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്നും കോടതി ചോദിച്ചു.
കൊച്ചി: മറുനാടന് മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് കോടതി. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയതിൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. എറണാകുളം ജില്ലാ കോടതിയുടേതാണ് ഇടപെടൽ.
2021ലെ വയലെസ് ചോർച്ചയിൽ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്നും കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഷാജൻ സ്കറിയയെ അവിടെയെത്തി അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.
ഇത് മനസിലാക്കിയതോടെ ഷാജൻ സ്കറിയ, അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ രാവിലെ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് കോടതി വാദം കേട്ടത്.
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നു എന്നതാണ് ഷാജനെതിരായ കേസ്. അതുവഴി സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും പൊലീസ് വിലയിരുത്തി. 2021ലായിരുന്നു സംഭവം. അന്നത്തെ കേസിൽ ഇപ്പോഴാണോ കേസെടുക്കുന്നതെന്നും നേരത്തെയും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടല്ലോ എന്നും കോടതി ചോദിച്ചു.
തുടർച്ചയായി ഇങ്ങനെ കേസെടുക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ ഷാജനെതിരെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. സമാനപരാതിയിൽ ആലുവയിലും പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വയർലസ് സന്ദേശങ്ങൾ ചോർത്തി പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി പി.വി അൻവർ എം.എൽ.എയാണ് പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, മുഖ്യമന്ത്രി, പ്രമുഖ വ്യവസായികൾ, ഹൈക്കോടതി ജഡ്ജിമാർ തുടങ്ങിയവരുടെ സംഭാഷണങ്ങൾ ചോർത്തിയതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറഞ്ഞിരുന്നു.
നേരത്തെ, ഷാജൻ സ്കറിയയെ നിലമ്പൂരിൽ നിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖ ചമച്ചെന്ന കേസിലായിരുന്നു നടപടി. ഓൺലൈനിലൂടെ മതവിദ്വേഷം പടർത്തി എന്ന പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു ഷാജനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ പരാതിയിലായിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്.