മഞ്ചേശ്വരം കോഴക്കേസിൽ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും
|സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യമൊഴി എടുക്കാൻ തീരുമാനിച്ചത്
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ കെ സുന്ദരയുടെ രഹസ്യമൊഴിയെടുക്കും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി.
സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം രഹസ്യ മൊഴി എടുക്കാൻ തീരുമാനിച്ചത്. അന്വേഷണസംഘം സമർപ്പിച്ച അപേക്ഷ കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഇന്ന് പരിഗണിച്ചേക്കും. കേസ് കൈകാര്യം ചെയ്യുന്ന കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് രഹസ്യമൊഴി എടുക്കുന്ന കീഴ് വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
അതിനിടെ സുന്ദരയ്ക്ക് കോഴയായി ലഭിച്ച രണ്ടര ലക്ഷത്തിൽ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലുള്ള ഒരു ലക്ഷത്തിന് പുറമേ ബാക്കിയുള്ള ഒന്നര ലക്ഷം രൂപ കൂടി കണ്ടെടുക്കാൻ അന്വേഷണസംഘം നീക്കം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര ലക്ഷവും ചെലവായി പോയെന്നായിരുന്നു സുന്ദരയുടെ മൊഴി. ഇത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. മുഴുവൻ തുകയും ചെലവായിട്ടുണ്ടാവില്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം സുന്ദര മറ്റൊരു സുഹൃത്തിന്റെ കൈവശം സൂക്ഷിക്കാൻ നൽകിയ തുകയെപ്പറ്റിയും ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.