Kerala
കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതൽ ഹരജിയിൽ കോടതി വിധി പറഞ്ഞേക്കും
Kerala

കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്; വഫ ഫിറോസിന്റെ വിടുതൽ ഹരജിയിൽ കോടതി വിധി പറഞ്ഞേക്കും

Web Desk
|
14 Oct 2022 1:15 AM GMT

ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ വഫ ഫിറോസിന്റെ വിടുതൽ ഹരജിയിൽ ഇന്ന് കോടതി ഉത്തരവ് പറഞ്ഞേക്കും. ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹരജിയും ഇന്ന് പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് രണ്ടു ഹരജികളും പരിഗണിക്കുക.

കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയാണ് വഫ ഫിറോസ്. വാദം പൂർത്തിയായെങ്കിലും ഉത്തരവ് ഇന്ന് പറയാനായി മാറ്റുകയായിരുന്നു. ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ വഫ പ്രേരിപ്പിച്ചതായി രഹസ്യമൊഴികളോ സാക്ഷി മൊഴികളോ ഇല്ല. വെറും സഹയാത്രികയായ യുവതിക്ക് മേൽ പ്രേരണകുറ്റംചുമത്തരുതെന്നായിരുന്നു വഫയുടെ വാദം. എന്നാൽ, കേസിലെ ഗൂഡാലോചനയിൽ ഉൾപ്പെട്ട വഫയുടെ ഹരജി തള്ളണമെന്നാണ് പ്രോസിക്യൂഷൻറെ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫായ്ക്കെതിരെ ചേർത്തിട്ടുണ്ട്. ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിടുതൽ ഹരജിയും കോടതി ഇന്ന് പരിഗണിക്കും.. ഹർജിയിൽ കഴിഞ്ഞ തവണ പ്രതിഭാഗം വാദം കേട്ടിരുന്നു. ശ്രീറാമിന്റെ ശരീരത്തിൽ നിന്ന് കെ.എം ബഷീറിന്റെ രക്തസാമ്പിളുകൾ ലഭിച്ചിട്ടില്ല.

ബഷീർ കൊല്ലപ്പെട്ട അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമന് പങ്കില്ല. മദ്യപിച്ചതിന് തെളിവില്ല. ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം കേൾക്കാനാണ് ഹരജി ഇന്ന് പരിഗണിക്കുന്നത്.

Similar Posts