കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ടപരിശോധന നടത്തും, ലോക്ക്ഡൗണിനുള്ള സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറി
|50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകി, ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയുണ്ട്.
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണെന്നും 16,17 തീയതികളില്‍ രണ്ടരലക്ഷത്തോളം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ചീഫ് സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 45 വയസ്സില്‍ താഴെയുള്ളവരിലാണ് പ്രധാനമായും പരിശോധന നടത്തുക.
സംസ്ഥാനത്ത് ലോക്ക്ഡൗണിനുള്ള സാഹചര്യം നിലവിലില്ല. രോഗവ്യാപനം നിയന്ത്രിക്കാവുന്നതാണ്. അടുത്ത അഞ്ചോ ആറോ ദിവസത്തിൽ കേസുകൾ കൂടും. ബ്രേക്ക് ദ ചെയിൻ ഫലപ്രദമായി നടപ്പാക്കുമെന്നും കണ്ടെയ്ൻമെന്റ് സോണിലും ക്ലസ്റ്ററുകളിലും കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ടെസ്റ്റിങ് ക്യാമ്പെയിനിന്റെ കൂടെ വാക്സിന് ക്യാമ്പെയിനും സംഘടിപ്പിക്കും. 50 ലക്ഷത്തോളം പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. ഏഴ് ലക്ഷത്തോളം പേർക്ക് നൽകാനുള്ള വാക്സിൻ ബാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്റെ ലഭ്യത അനുസരിച്ച് എല്ലാവരും വാക്സിൻ എടുക്കണം. വാക്സിന്റെ കുറവ് പരിഹരിക്കും. 45 വയസ്സിനു മുകളിലുള്ള 65 ലക്ഷം ആളുകൾക്കാണ് ഇനി വാക്സിൻ നൽകാനുള്ളതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ടെസ്റ്റിങ്, വാക്സിനേഷൻ ക്യാമ്പെയിനൊപ്പം എൻഫോഴ്സ്മെന്റ് ക്യാമ്പെയിനും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രണ്ട് ലക്ഷം ഡോസുകൂടി കോവിഷീൽഡ് വാക്സിൻ എത്തും. കൈയിലുള്ള വാക്സിൻ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. വാക്സിനേഷനായി ആളുകൾ വന്ന് തിരിച്ചു പോകുന്ന രീതി ഒഴിവാക്കും. വാക്സിനില്ലെങ്കിൽ നേരത്തെ അറിയിക്കാനുള്ള സൗകര്യമൊരുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കോവിഡിന്റെ രണ്ട് ഡോസ് വാക്സിൻ എടുത്തവർ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുപരിപാടികള്‍ കലക്ടറെ അറിയിക്കണം. അടച്ചിട്ട സ്ഥലങ്ങളിൽ നടക്കുന്ന പൊതു പരിപാടികളിൽ പരമാവധി 75 പേരെയും തുറന്ന സ്ഥലങ്ങളില്‍ 150 പെരെയും പങ്കെടുപ്പിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. കടകള്‍ ഓണ്‍ലൈന്‍ ഡെലിവറി കൂട്ടണം. വിദ്യാർഥികൾക്ക് പരീക്ഷക്കെത്താൻ കൂടുതൽ സൗകര്യമൊരുക്കും. ട്യൂഷൻ ക്ലാസുകളിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
ഒമ്പതു മണിക്ക് ശേഷം സ്ഥാപനങ്ങൾ അടക്കണം. ഇത് തിയറ്ററുകൾക്കും ബാറുകൾക്കും ബാധകമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കല്യാണ ചടങ്ങുൾക്ക് മുൻകൂർ അനുമതി വേണ്ട. എന്നാല്‍, ചടങ്ങ് നടക്കുന്ന വിവരം മുൻകൂട്ടി അറിയിക്കണം. ബസുകളില്‍ നിന്നുകൊണ്ട് യാത്ര അനുവദിക്കില്ല. തൃശൂര്‍ പൂരം നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.