കോവിഡ് കേസുകള്‍ കുറയുമ്പോഴും ആശങ്കയായി മരണ നിരക്കും വകഭേദം വന്ന വൈറസുകളും
|ഏഴോളം വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടത്തി
കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടാകുമ്പോഴും മരണനിരക്ക് ഉയരുന്നു. ഇന്നലെ 112 പേരാണ് കോവിഡ് മൂലം മരിച്ചത്. വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം വർദ്ധിച്ചെന്ന റിപ്പോർട്ടും ആശങ്ക വർദ്ധിപ്പിക്കുന്നു.
നിയന്ത്രണം കടുപ്പിച്ചതോടെ കോവിഡ് കേസുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴുന്നു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളിൽ 12 ശതമാനത്തിന്‍റെ കുറവുണ്ട്. എന്നാൽ മരണ നിരക്ക് കൂടി. ഇന്നലെ മാത്രം മരിച്ചത് 112 പേർ. ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണ് ഇത്. അഞ്ച് ദിവസത്തിനിടെ മരിച്ചത് 481 പേർ. ആകെ മരണം 6724 ആയി. ഏഴോളം വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇതിൽ മൂന്നെണ്ണം അപകടകാരികളാണെന്നാണ് പഠനം. ബ്ലാക്ക് ഫംഗസ് കൂടുതൽ പേരിൽ സ്ഥിരീകരിച്ചതും ആശങ്ക കൂട്ടുന്നു.
അതേസമയം കൂടുതൽ വിഭാഗങ്ങളെ കോവിഡ് മുന്നണി പ്രവർത്തകരായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഭിന്നശേഷിക്കാർ, മത്സ്യമാർക്കറ്റിലെ തൊഴിലാളികൾ, കെഎസ്ആർടിസി ജീവനക്കാർ, പാലിയേറ്റീവ് പ്രവർത്തകർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ 32 വിഭാഗങ്ങളിലുള്ളവരെയാണ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവർക്ക് കോവിഡ് വാക്‌സിനേഷനിൽ മുൻഗണന നൽകും.