കോവിഡ്; സംസ്ഥാനത്ത് കോളേജുകൾ അടച്ചേക്കും
|20 ന് വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമെടുക്കും അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി യോഗത്തിൽ ഓൺലൈനായി പങ്കെടുക്കും
കോവിഡ് വ്യാപാനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കോളേജുകൾ അടക്കുന്നത് പരിഗണയിൽ. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിലുണ്ടാകും. യോഗത്തിന്റെ അജണ്ടയിൽ കോളേജ് അടക്കൽ ഉൾപെടുത്തിയിട്ടുണ്ട്.
20 ന് വൈകീട്ട് അഞ്ചിനാണ് യോഗം. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങളിലടക്കം തീരുമാനമെടുക്കും.
സംസ്ഥാനെത്താകെ കോവിഡ് വ്യാപനം മൂർച്ചിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ അടച്ചിടുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പഠനം ഒൺലൈനാക്കുന്ന കാര്യം പരിശോധിക്കുകയാണ്. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ പതിനഞ്ച് ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ സ്കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കൊവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്‌ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 28,481 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങൾ കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.