Kerala
കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍
Kerala

കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍

Web Desk
|
31 Aug 2021 1:26 AM GMT

കോവിഡ് മരണക്കണക്ക് പൂര്‍ണമല്ലെന്ന വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍ 15 മുതലാണ് ജില്ലാതലങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം.

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയശേഷം ഇരട്ടിയായതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഈ വര്‍ഷം മെയ് വരെ റിപ്പോര്‍ട്ട് ചെയ്തത് 11,034 പേരുടെ മരണം. എന്നാല്‍ ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളില്‍ മാത്രം രോഗികളുടെ എണ്ണവും മരണവും തമ്മിലുള്ള അനുപാതം 0.94 ആയി ഉയര്‍ന്നു.

കോവിഡ് മരണക്കണക്ക് പൂര്‍ണമല്ലെന്ന വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് ജൂണ്‍ 15 മുതലാണ് ജില്ലാ തലങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്തെ ആദ്യ കോവിഡ് മരണം. അന്ന് മുതല്‍ 2020 ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത് 3338 പേരുടെ മരണമാണ്. ഈ കാലയളവില്‍ 7.42 ലക്ഷം പേര്‍ക്കായിരുന്നു രോഗബാധ. 0.45% ആയിരുന്നു രോഗികളുടെ എണ്ണവും മരണവും തമ്മിലുള്ള അനുപാതം(സിഎഫ്ആര്‍).

ജനുവരി മുതല്‍ മെയ് വരെ 17ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തത് 7696 മരണം. സിഎഫ്ആര്‍ 0.44%. രോഗികള്‍ ഏറ്റവും ഉയര്‍ന്ന ഈ കാലഘട്ടത്തിലും മരണനിരക്ക് കുറവാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ മരണനിരക്കില്‍ വലിയ ഉയര്‍ച്ചയാണുണ്ടായത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 8ലക്ഷത്തിലധികം പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ 7378 മരണം സംഭവിച്ചു. സിഎഫ്ആര്‍ 0.94 ശതമാനം ആണ്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് സുതാര്യമായതാണ് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

നേരത്തെ മരണം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്ന വിമര്‍ശനം ശരിവെക്കുന്നതാണ് കണക്കുകള്‍. ഡിസംബര്‍ മുതല്‍ ഒഴിവാക്കിയ പേര് വിവരങ്ങള്‍ ഉള്‍പ്പെടുത്തി മരണ പട്ടിക പ്രസിദ്ധീകരിക്കുമെന്ന ഉറപ്പും ഇതുവരെ പൂര്‍ണമായിട്ടില്ല

Similar Posts