വിമാനത്താവളത്തിലെ കോവിഡ് പരിശോധന; പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു
|സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായി വരുന്നവരും വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നതായാണ് ആക്ഷേപം
വിമാനത്താവളങ്ങളിലെ റാപ്പിഡ് പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റീവ് ആയി യാത്ര മുടങ്ങുന്നവരുടെ എണ്ണം കൂടുന്നു. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവായി വരുന്നവരും വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവാകുന്നതായാണ് ആക്ഷേപം. കരിപ്പൂര്‍ വിമാനത്താവത്തിലെ പരിശോധന സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.
കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശിയായ ഹഫ്സത്ത് രണ്ടു മക്കളുമായി ഷാര്‍ജയിലേക്ക് പോകാനിരുന്നതാണ്. ഈ മാസം അഞ്ചിനുള്ള എയര്‍ അറേബ്യയുടെ വിമാനത്തില്‍ ടിക്കറ്റുമെടുത്തു. തലേ ദിവസം കോഴിക്കോട്ടെ സ്വകാര്യ ലാബില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവ്. പക്ഷേ കരിപ്പൂര്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ പോസിറ്റീവായി. യാത്രയും മുടങ്ങി. തിരിച്ച് വീട്ടിലെത്തിയ ഹഫ്സത്ത് മറ്റൊരു ലാബില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ്.
ഓരോ വിമാനത്തിലും യാത്ര ചെയ്യേണ്ട പത്തിലധികം പേര്‍ക്ക് ഇങ്ങനെ യാത്ര മുടങ്ങുന്നതായാണ് പരാതി. യു.എ.ഇയിലേക്ക് പുറപ്പെടുന്നവര്‍ക്കാണ് വിമാനത്താവളത്തില്‍ റാപിഡ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആര്‍.ടി.പി.സി.ആര്‍ ,റാപിഡ് പി.സി.ആര്‍ പരിശോധനകളിലെ വ്യത്യാസമാണ് വ്യത്യസ്ത റിസല്‍ട്ടുകള്‍ക്ക് കാരണമെന്ന് വിമാനത്താവളത്തിലെ ലാബ് അധികൃതര്‍ പറയുന്നു. നിശ്ചിത പരിധിയില്‍ താഴെയുള്ള വൈറസ് സാന്നിധ്യം ആര്‍.ടി.പി.സി. ആറില്‍ കാണിക്കില്ല.ഇത് റാപിഡ് പി.സി.ആര്‍ പരിശോധനയില്‍ കാണിക്കുമെന്നും ലാബ് അധികൃതര്‍ പറയുന്നു.