Kerala
കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുന്നു; പുതിയ മാർഗനിർദേശങ്ങൾ ഉടന്‍
Kerala

കോവിഡ് നിയന്ത്രണങ്ങൾ പൊളിച്ചെഴുതുന്നു; പുതിയ മാർഗനിർദേശങ്ങൾ ഉടന്‍

Web Desk
|
1 Aug 2021 4:04 AM GMT

ബദൽ മാർഗനിർദേശങ്ങൾ ബുധനാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദേശം

തിരുവനന്തപുരം: അശാസ്ത്രീയ കോവിഡ് നിയന്ത്രണത്തിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ പൊളിച്ചെഴുത്തിന് സർക്കാർ. തീവ്രവ്യാപന മേഖലകൾ മാത്രം അടച്ചിട്ട് മറ്റിടങ്ങളിൽ ഘട്ടംഘട്ടമായി തുറന്നു നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. വാർഡ് തലത്തിലോ ക്ലസ്റ്റർ അടിസ്ഥാനത്തിലോ അടച്ചിടുന്ന രീതിയാണ് പരിഗണിക്കുന്നത്. വാരാന്ത്യ ലോക്ക്ഡൗണും ഒഴിവാക്കിയേക്കും.

രോഗവ്യാപനം പത്ത് ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അടച്ചിടും. പത്തു ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ശക്തമായ നിയന്ത്രണങ്ങളുമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം സംസ്ഥാനവുമായി ആശയവിനിമയം നടത്തി.

മദ്യശാലകൾക്ക് മുമ്പിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് നിയന്ത്രിക്കാനും ആലോചനയുണ്ട്. വിഷയത്തിൽ നേരത്തെ സർക്കാറിനെതിരെ ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തിയിരുന്നു. കോവിഡ് പൊസിറ്റീവ് ആകുന്നവരെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ച് ചികിത്സ നൽകാനും ആലോചിക്കുന്നു. എല്ലാ ദിവസങ്ങളിലും തുറക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരെ ആഴ്ച തോറും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധന പ്രതിദിനം രണ്ടു ലക്ഷത്തിലേക്ക് ഉയർത്തും. കൂടുതൽ ബസ്സുകൾ നിരത്തിലിറക്കി സീറ്റിങ് ശേഷിയിൽ മാത്രം യാത്രക്കാരെ കൊണ്ടു പോകണമെന്നും നിർദേശമുണ്ട്.

വെള്ളിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടുതൽ കാലം അടച്ചിടാനാകില്ല എന്നും അദ്ദേഹം അറിയിച്ചിരുന്നു. ബദൽ മാർഗനിർദേശങ്ങൾ ബുധനാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദേശം.

അഞ്ചു ദിവസത്തിനിടെ ഒരു ലക്ഷം പേർക്ക് കോവിഡ്

അതിനിടെ, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയിൽ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നിരുന്നു. 1,07,645 പേർക്കാണ് അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്കും ഉയരുകയാണ്. 12.6 ആണ് അഞ്ച് ദിവസത്തെ ശരാശരി ടിപിആർ. മലപ്പുറം ജില്ലയിൽ സ്ഥിതി ഗുരുതരമാണ്. 18268 പേർക്കാണ് അഞ്ച് ദിവസത്തിനിടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്. അഞ്ച് ദിവസത്തിനിടെ സ്ഥിരീകരിച്ചത് 611 മരണമാണ്. വരും ദിവസങ്ങളിലും രോഗവ്യാപനം ഉയരാനാണ് സാധ്യതയെന്നാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.

ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗൺ തുടരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് പൊലീസിന് ലഭിച്ച നിർദേശം. രാവിലെ ആറ് മുതൽ നഗരാതിർത്തി പ്രദേശങ്ങൾ ബാരിക്കേഡ് വച്ച് അടക്കും. വാഹന പരിശോധനയും കർശനമാക്കും. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും മാത്രമാകും പ്രവർത്തനാനുമതി. പാഠപുസ്തക അച്ചടി നടക്കുന്നതിനാൽ കേരളാ ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്ക് പ്രവർത്തിക്കാം.

Related Tags :
Similar Posts