Kerala
കലക്ടര്‍മാര്‍ക്ക് നിരോധനാ‍‍‍‍ജ്ഞ പ്രഖ്യാപിക്കാം; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ്
Kerala

കലക്ടര്‍മാര്‍ക്ക് നിരോധനാ‍‍‍‍ജ്ഞ പ്രഖ്യാപിക്കാം; കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവ്

Web Desk
|
13 April 2021 12:23 PM GMT

മതപരമായ ചടങ്ങുകളിലെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ മതനേതാക്കള്‍ മുന്‍കയ്യെടുക്കണമെന്നും സ‍ര്‍ക്കാര്‍ നിര്‍ദേശം.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി സ‍ര്‍ക്കാര്‍ ഉത്തരവിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിരോധനാ‍‍‍‍ജ്ഞ പ്രഖ്യാപിക്കാം. കടകള്‍ രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. മതപരമായ ചടങ്ങുകളിലെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ മതനേതാക്കള്‍ മുന്‍കയ്യെടുക്കണമെന്നും സ‍ര്‍ക്കാര്‍ നിര്‍ദേശിച്ചു.

സംസ്ഥാനമൊട്ടാകെ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇന്‍ഡോര്‍ പരിപാടികളില്‍ 100 പേരും ഔട്ട്ഡോര്‍ പരിപാടികളില്‍ 200 പേരും മാത്രമേ പങ്കെടുക്കാന്‍ പാടുളളൂ. കൂടുതല്‍ ആളുകള്‍ പങ്കെടുക്കണമെങ്കില്‍ പരിപാടിക്ക് 72 മണിക്കൂറിനുള്ളില്‍ മുഴുവന്‍ ആളുകളുടെയും ആർടിപിസിആർ പരിശോധന നടത്തണം. ഒരു പരിപാടിയും രണ്ട് മണിക്കൂറിലധികം നടത്താന്‍ പാടില്ല. ഇഫ്താര്‍ അടക്കമുള്ള മതപരമായ ചടങ്ങുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. മീറ്റിങുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ബസുകളില്‍ നിന്ന് യാത്ര ചെയ്യാനാവില്ല. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കേന്ദ്രീകൃത എയര്‍കണ്ടീഷനുള്ള കെട്ടിടങ്ങളില്‍ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധന ഉറപ്പാക്കണം. ഹോട്ടലുകളിലും ഭക്ഷ്യവിതരണ ശൃംഖലകളിലും ഹോം ഡെലിവറി സംവിധാനം ശക്തമാക്കും. ഷോപ്പിങ് ഫെസ്റ്റിവലുകളടക്കം ആളുകള്‍ തടിച്ച് കൂടാന്‍ സാധ്യതയുള്ള വ്യാപാര മേളകളെല്ലാം രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണം. ഇതോടൊപ്പം 15 ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കാനുള്ള നിര്‍‌ദേശവും നല്‍കിയിട്ടുണ്ട്.

Similar Posts