Kerala
കോവിഡ്; ഓണക്കാലത്ത് വാക്സിനേഷന്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ്
Kerala

കോവിഡ്; ഓണക്കാലത്ത് വാക്സിനേഷന്‍ കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ്

Web Desk
|
20 Aug 2021 1:08 AM GMT

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനും സംസ്ഥാനം സജ്ജമാണ്.

സംസ്ഥാനത്തെ കോവിഡ് വ്യാപനവും മരണങ്ങള്‍ ഉയരുന്നതും വലിയ ആശങ്കയാവുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15ന് മുകളിലാണ്. 16.15 ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 197 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 19,246 ആയി.

കഴിഞ്ഞ ഓണത്തിന് 2000 കേസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇന്ന് ദിവസം 20000ത്തിലധികം പേര്‍ രോഗികളാകുന്നത്. ഓണക്കാലത്ത് രോഗവ്യാപനം ഇനിയും ഉയര്‍ന്നേക്കുമോ എന്ന ആശങ്കയും മൂന്നാം തരംഗത്തിനുള്ള സാധ്യതയുമാണ് ആരോഗ്യവകുപ്പിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍ കാര്യക്ഷമമായി നടത്തി രോഗവ്യാപനം തടയാനാണ് ആരോഗ്യവകുപ്പിന്റെ പദ്ധതി.

ഇതിന്റെ ഭാഗമായി ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ പദ്ധതി കൂടുതല്‍ ജില്ലകളില്‍ വ്യാപിപ്പിക്കുന്നത് പരിഗണനയിലുണ്ട്. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനും സംസ്ഥാനം സജ്ജമാണ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കും.

ജനസംഖ്യാ കണക്ക് പ്രകാരം 52.69 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.31 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. അതേ സമയം സംസ്ഥാനത്തിന് 5,79,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. 4,80,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 99,390 ഡോസ് കോവാക്‌സിനുമാണ് ലഭിച്ചത്.

Similar Posts