Kerala
കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇനി റേഷനില്ല: ലക്ഷദ്വീപില്‍ മുന്നറിയിപ്പ്
Kerala

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഇനി റേഷനില്ല: ലക്ഷദ്വീപില്‍ മുന്നറിയിപ്പ്

Web Desk
|
15 April 2021 1:57 AM GMT

വാക്സിനെടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് കടമത്ത് സബ് ഡിവിഷണല്‍ ഓഫീസിന്‍റെ മുന്നറിയിപ്പ്

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന മുന്നറിയിപ്പുമായി ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല്‍ ഓഫീസ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കുമെന്നും മുന്നറിയിപ്പ്. ലക്ഷദ്വീപില്‍ താരതമ്യേനെ രോഗവ്യാപന നിരക്ക് കുറവാണെങ്കിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

ലക്ഷദ്വീപ് കലക്ടറുടെ നിര്‍ദേശ പ്രകാരം കടമത്ത് സബ് ഡിവിഷണല്‍ ഓഫീസര്‍ എന്‍ സി മൂസയുടെ പേരില്‍ പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് അനുസരിച്ച് ദ്വീപിലെ 45 വയസ്സ് കഴിഞ്ഞ എല്ലാവരും ഇതിനകം വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിനെടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാറിന്‍റെ സേവനങ്ങള്‍ ലഭിക്കില്ല. റേഷന്‍ നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കൂടാതെ മത സാമൂഹിക ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ടാവും. അതേസമയം ലക്ഷദ്വീപിലെ 10 ദ്വീപുകളിലായി ഇതിനകം നൂറില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഔദ്യോഗിക രേഖ പ്രകാരം ദ്വീപില്‍ കോവിഡ് മരണം ഉണ്ടായിട്ടില്ല.

ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ ദ്വീപില്‍ 45 കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചിരുന്നു. വാക്സിനെടുക്കാത്തവര്‍ക്കുള്ള മുന്നറിയിപ്പ് വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം പള്ളികളില്‍ അനൌണ്‍സ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവണ്‍മെന്‍റ് ഖാദിക്കും പള്ളി ഭാരവാഹികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.



Similar Posts